Fincat

‘കേരളത്തിലെ ബഹുഭൂരിപക്ഷം നികുതിദായകരും സത്യസന്ധര്‍, അഴിമതി കുറവ്’; തൊഴില്‍ സംസ്‌കാരം മികച്ചതെന്ന് സിജിഎസ്ടി ചീഫ് കമ്മീഷണര്‍


കൊച്ചി: കേരളത്തിലെ നികുതിദായകരില്‍ 85 ശതമാനത്തോളം പേരും സത്യസന്ധരാണെന്ന് സംസ്ഥാനത്തെ സിജിഎസ്ടി ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദര്‍ റഹ്മാന്‍.ഇവിടെ ബോധപൂർവ്വം ആരും നികുതി വെട്ടിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. താരതമ്യപ്പെടുത്തുമ്ബോള്‍ കേരളത്തില്‍ ബോധപൂർവ്വം നികുതി വെട്ടിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ‘എക്‌സ്പ്രസ് ഡയലോഗ്‌സി’ല്‍ സംസാരിക്കുകയായിരുന്നു സിജിഎസ്ടി ചീഫ് കമ്മീഷണര്‍.

അതേസമയം 2023-24 മുതല്‍ 2024-25 വരെയുള്ള കേരളത്തിലെ വരുമാന വളര്‍ച്ച വെറും അഞ്ച് ശതമാനം മാത്രമാണെന്ന് സിജിഎസ്ടി ചീഫ് കമ്മീഷണര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്ക് നോക്കിയാല്‍ എക്‌സൈസ് നികുതിയില്‍ നിന്നുള്ള മൊത്തം വരുമാനം ഏകദേശം 26,000 കോടി രൂപയാണ്. എന്നാല്‍ സംസ്ഥാനത്തെ മൊത്തം ജിഎസ്ടി വരുമാനം 18,000 കോടി രൂപ മാത്രമാണ്. അതിനാല്‍ താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വരുമാനം വര്‍ധിപ്പിക്കുക എന്നതിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വ്യവസായങ്ങളുടെ എണ്ണം കുറവാണെന്ന് ചീഫ് കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു. കേരളം സേവന കേന്ദ്രീകൃതമാണ്. 18,000 കോടി രൂപയുടെ ജിഎസ്ടി വരുമാനത്തില്‍ ഏകദേശം 75 ശതമാനവും സേവനങ്ങളില്‍ നിന്നാണ്. വ്യവസായങ്ങള്‍ കുറവായതിനാല്‍ സാധനങ്ങളുടെ വിതരണത്തില്‍ നിന്നുള്ള വരുമാനം കുറവാണ്.

എന്നാല്‍ കേരളത്തിലെ തൊഴില്‍ സംസ്‌കാരം ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും ഷെയ്ഖ് ഖാദര്‍ റഹ്മാന്‍ ചൂണ്ടിക്കാട്ടി. ഇവിടെ ജനങ്ങള്‍ക്ക് ബുദ്ധിയും അറിവുമുണ്ട്. ആളുകളുടെ മനോഭാവം നല്ലതാണ്. ഉത്തരേന്ത്യയിലൊക്കെയുള്ള ഫ്യൂഡല്‍ സമ്ബ്രദായമില്ല. ജനങ്ങളുമായി ഇടപഴകാൻ ബുദ്ധിമുട്ടില്ല. ഏറ്റവും വേഗത്തില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തുന്നതിലും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും കേരളം ബഹുമതികള്‍ നേടിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുന്നുണ്ടെന്നും ഷെയ്ഖ് ഖാദര്‍ റഹ്മാന്‍ പറഞ്ഞു.