Fincat

കളമറിഞ്ഞ് കളിച്ച് സഞ്ജു, ഓപ്പണറായി ഇറങ്ങി 42 പന്തില്‍ സെഞ്ചുറി

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് തുടക്കമായപ്പോള്‍ സഞ്ജു സാംണന്‍റെ ബാറ്റിംഗ് പ്രകടനത്തിലേക്കായിരുന്നു ആരാധകരും ദേശീയ മാധ്യമങ്ങളും അടക്കം ഉറ്റുനോക്കിയത്. ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറായി ടീമിലെടുക്കുകയും വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തതോടെ ഏഷ്യാ കപ്പ് ടീമിലെ സഞ്ജുവിന്‍റെ ഓപ്പണിംഗ് സ്ഥാനം ഭീഷണിയിലായിരുന്നു. ഗില്‍ ടീമിലുണ്ടെങ്കിലും എഷ്യാ കപ്പ് ടീമില്‍ ഓപ്പണറായി തന്നെയാണ് സഞ്ജുവിനെ പരിഗണിക്കുന്നതെന്ന് ടീം പ്രഖ്യാപിക്കുന്ന വേളയില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.മധ്യനിരിയില്‍ ഫിനിഷറായി ഇറങ്ങുന്ന ജിതേഷ് ശര്‍മയെയായിരുന്നു ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായി സെകലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്.

എന്നാല്‍ കെസിഎല്‍ രണ്ടാം സീസണ്‍ തുടങ്ങിയപ്പോള്‍ ആദ്യ രണ്ട് കളികളിലും മധ്യനിരയില്‍ ഇറങ്ങാനാണ് സഞ്ജു താല്‍പര്യപ്പെട്ടത്. ഏഷ്യാ കപ്പിലെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായാലും മധ്യനിരയില്‍ ഫിനിഷറായി തിളങ്ങി പ്ലേയിംഗ് ഇലവനിലെത്താമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു ഇത്. ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് പനിമൂലം ആശുപത്രിയിലായതും ആദ്യ മത്സരത്തില്‍ 98 റണ്‍സിന്‍റെ ചെറിയ വിജയലക്ഷ്യം മാത്രമെ മുന്നിലുണ്ടായിരുന്നുള്ളു എന്നതും സഞ്ജു മധ്യനിരയിലേക്ക് മാറാനുള്ള കാരണമായി. ആദ്യ മത്സരത്തില്‍ നാലാമനായി ഇറങ്ങിയ ‍ ചേട്ടന്‍ സാലി വിശ്വനാഥ് അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന് ശ്രദ്ധേയനായപ്പോൾ സഞ്ജു ബാറ്റിംഗിനിറങ്ങിയില്ല.