യെമനിലേക്ക് ഇസ്രയേലിൻ്റെ അതിരൂക്ഷ ആക്രമണം; പ്രസിഡൻ്റിൻ്റെ കൊട്ടാരമടങ്ങുന്ന പ്രദേശത്തടക്കം വ്യോമാക്രമണം
യമൻ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത നിലയങ്ങളിലും ഇന്ധന സംഭരണ കേന്ദ്രങ്ങളിലുമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്. ഹൂത്തി സൈന്യത്തിൻ്റെ ഭാഗത്ത് നിന്ന് ഇസ്രയേലിന് നേരെ ആവർത്തിച്ച് നടന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്നാണ് വിശദീകരണം.ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് ഹൂത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എണ്ണക്കമ്പനിക്ക് നേരെ നടന്ന ആക്രമണത്തിലാണ് രണ്ട് പേരും കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റെന്ന് ഹൂത്തികളുടെ അൽ-മസിറ ടിവി റിപ്പോർട്ട് ചെയ്തെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ വ്യക്തമാക്കി. സനായിലെ പ്രസിഡന്റിന്റെ കൊട്ടാരം ഹൂത്തി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സൈനിക കോമ്പൗണ്ടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ഇവിടം ആക്രമിച്ചതിൻ്റെ കാരണമായി ഇസ്രയേൽ സൈന്യം വ്യക്തമാക്കിയത്.
ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ഹൂത്തികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ ഭാഗത്ത് നിന്നുള്ള ആക്രമണവും ഉണ്ടായിരിക്കുന്നത്. ഹമാസിനെതിരെ ഗാസയിൽ ഇസ്രായേൽ യുദ്ധം ആരംഭിച്ചതുമുതൽ ഹൂത്തികൾ പലസ്തീന് ഐക്യദാർഢ്യവുമായി രംഗത്ത് വന്നിരുന്നു. ചെങ്കടലിൽ ഇസ്രയേലിൻ്റെ കപ്പലുകൾ ഹൂത്തികൾ ആക്രമിച്ചിരുന്നു. ഇതിന് മറുപടിയായി ഹൊദൈദ തുറമുഖം ഉൾപ്പെടെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഇസ്രായേലും ആക്രമണം നടത്തിയിരുന്നു.