Fincat

കർശന നടപടിയുമായി ബി​ഗ് ബോസ്, അനുമോളും ജിസേലും പുറത്തേക്കോ?

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് മൂന്നാം ആഴ്ചയിലേക്ക് കടന്നപ്പോഴേക്കും വലിയ രീതിയിലുള്ള നാടകീയ രം​ഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അനുമോളും ജിസേലും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട് ഒടുവിൽ നെവിൻ ബി​ഗ് ബോസ് ഷോയിൽ നിന്നും ഇന്ന് ക്വിറ്റ് ചെയ്തു. ഒരു ലിപ്സ്റ്റിക്കിന്റെ പേരിൽ തുടങ്ങിയ പോരും അക്രമവുമാണ് ഇതിനെല്ലാം വഴിവച്ചത്. ഇതിന് പിന്നാലെ അനുമോൾക്കും ജിസേലിനും എതിരെ കർശന നടപടിയെടുക്കാൻ ബി​ഗ് ബോസ് ഒരുങ്ങുന്നുവെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്.

“വഴക്കുകളും വാക് വാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ആകാം. വാക്കുകളിലൂടെ മാത്രം. അത് ഒരിക്കലും ശാരീരികമാകരുത്. അങ്ങനെ സംഭവിച്ചാൽ നടപടികളെടുക്കാൻ ഞങ്ങൾ നിർബന്ധിതരാകും”, എന്ന് മത്സരാർത്ഥികളോടായി ബി​ഗ് ബോസ് പറയുന്നുണ്ട്. പിന്നാലെ അനുമോളേയും ജിസേലിനെയും ബി​ഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുന്നുമുണ്ട്.

“നിങ്ങൾ രണ്ടുപേരും തമ്മിലുള്ള വഴക്ക് നേരിട്ട് കണ്ടു. വീണ്ടും വീണ്ടും അതിന്റെ ഫൂട്ടേജ് കണ്ടു. രണ്ടുപേരുടെയും ഭാ​ഗത്ത് തെറ്റുണ്ട്. ഈ കാര്യത്തിൽ നടപടികൾ തീർച്ചയായും ഉണ്ടാകും”, എന്നാണ് രോക്ഷത്തോടെ ബി​ഗ് ബോസ് ഇരുവരോടും കൺഫഷൻ റൂമിൽ വച്ച് പറഞ്ഞത്. ഇനി എന്തൊക്കെയാകും ബി​ഗ് ബോസിൽ നടക്കുകയെന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.

ഇന്ന് രാവിലെയാണ് അനുമോളും ജിസേലും തമ്മില്‍ പ്രശ്നങ്ങള്‍ നടന്നത്. ലിപ്സ്റ്റിക്കിന്‍റെ പേരും പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. പിന്നാലെ ജിസേലിന്‍റെ ചുണ്ടിലെ ലിപ്സ്റ്റിക് അനുമോള്‍ ശക്തിയില്‍ തുടച്ചു. ഇതോടെ ജിസേല്‍ അനുമോളെ പിടിച്ചു തള്ളുകയും ചെയ്തു. ഇത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിവച്ചു. പിന്നാലെ നെവിനും പ്രശ്നത്തില്‍ ഇടപെടുകയും അനുമോള്‍ക്കെതിരെ ബിഗ് ബോസ് നടപടി എടുത്തില്ലെങ്കില്‍ താന്‍ ക്വിറ്റ് ചെയ്യുമെന്ന് നെവിന്‍ പറയുകയായിരുന്നു. പിന്നാലെ ബിഗ് ബോസ് പുറത്തേക്കുള്ള വാതിലും തുറന്ന് കൊടുത്തതോടെ നെവിന്‍ ബിഗ് ബോസ് ഹൌസിന് പുറത്തേക്ക് പോയി.