യുഎസ് തീരുവയിലും തളരില്ല; ‘2038-ല്‍ ഇന്ത്യ രണ്ടാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയാകും, മുന്നില്‍ ചൈനമാത്രം’
മുംബൈ: ഇപ്പോഴത്തെ രീതിയില്‍ മുന്നേറ്റം തുടർന്നാല്‍ 2038-ഓടെ വാങ്ങല്‍ശേഷിയുടെ അടിസ്ഥാനത്തില്‍ (പർച്ചേസിങ് പവർ പാരിറ്റി) ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സാമ്ബത്തികശക്തിയാകുമെന്ന് ഏണസ്റ്റ് ആൻഡ് യങ്.അമേരിക്കയെ മറികടന്ന് ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതുമെത്തുമെന്നുമാണ് ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 2025-ലെ ഇക്കണോമി വാച്ച് റിപ്പോർട്ടില്‍ പറയുന്നത്.
2038-ല്‍ ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) 34.2 ലക്ഷം കോടി ഡോളറിലേക്കെത്തുമെന്നാണ് കണക്കാക്കുന്നത്. ഐഎംഎഫിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്.ഐഎംഎഫിന്റെ കണക്കനുസരിച്ച് വാങ്ങല്‍ശേഷിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യൻ ജിഡിപി 2030-ല്‍ 20.7 ലക്ഷം കോടി ഡോളറിലെത്തും. 42.2 ലക്ഷം കോടി ഡോളറുമായി ചൈനയാകും മുന്നില്‍.
ചൈനയില്‍ ആളുകളുടെ ശരാശരി പ്രായം കൂടിവരുന്നതാണ് വെല്ലുവിളിയായുള്ളത്. അമേരിക്ക ശക്തമായ നില തുടരുമെങ്കിലും ഉയർന്ന കടബാധ്യത പ്രതിസന്ധിയാകും. ജിഡിപിയുടെ 120 ശതമാനം വരെയാണ് അമേരിക്കയുടെ കടബാധ്യത. വളർച്ചനിരക്കും കുറവാണ്. ജർമനിക്കും ജപ്പാനും ഉയർന്ന പ്രായമാണ് പ്രശ്നമാകുക. ഈ രാജ്യങ്ങള്‍ ആഗോള വ്യാപാരത്തെയാണ് കൂടുതലും ആശ്രയിക്കുന്നതെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു.
മറ്റു സമ്ബദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യക്ക് ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ട്. ശക്തമായ സാമ്ബത്തിക അടിത്തറ, തൊഴിലെടുക്കാൻ ശേഷിയുള്ള യുവജനങ്ങളുടെ ഉയർന്ന സാന്നിധ്യം, ഉയർന്ന സമ്ബാദ്യനിരക്ക്, സുസ്ഥിര വളർച്ച എന്നിവ ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ശക്തമായ മുന്നേറ്റം കാഴ്ചവെക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുന്നു. ഇന്ത്യക്കാരുടെ ശരാശരി പ്രായം 28.8 ആണ്. പതിറ്റാണ്ടുകള്‍ തൊഴിലെടുക്കാൻ കഴിയുന്ന മാനവശേഷിയാണിത്. ഉയർന്ന സമ്ബാദ്യനിരക്കും നിക്ഷേപവും മൂലധനരൂപവത്കരണം ശക്തമാക്കുന്നു. വിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതിന് ഇത് സഹായിക്കും. ഇപ്പോള്‍ ലോകത്തിലെ നാലാമത്തെ വലിയ സാമ്ബത്തികശക്തിയാണ് ഇന്ത്യ. 2028-ല്‍ ജർമനിയെ മറികടന്ന് മൂന്നാംസ്ഥാനത്തേക്കെത്തും.
അമേരിക്ക കൊണ്ടുവന്ന പകരച്ചുങ്കം ബാധിച്ചാലും ഈ നേട്ടം ഇന്ത്യ സ്വന്തമാക്കും. ഉയർന്ന ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. ജിഎസ്ടി, പാപ്പരത്തനടപടി, യുപിഐ ഉള്‍പ്പെടെ സാധാരണക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാന്പത്തികമുന്നേറ്റം തുടങ്ങിയ പരിഷ്കാരങ്ങളും ഇന്ത്യൻ സമ്ബദ്വ്യവസ്ഥയ്ക്ക് നേട്ടം കൊണ്ടുവരുന്നു.