Fincat

റിലയന്‍സും ഫെയ്‌സ്ബുക് മാതൃകമ്പനി മെറ്റയും കൈകോര്‍ക്കുന്നു; 855 കോടി നിക്ഷേപത്തില്‍ പുതുകമ്പനി

ഇന്ത്യന്‍ വിപണിക്കും തെരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികള്‍ക്കുമായി ലാമ ഓപ്പണ്‍-സോഴ്‌സ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അധിഷ്‌ഠിതമായ എന്‍റര്‍പ്രൈസ് എഐ സൊല്യൂഷനുകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ച് ടെക് ഭീമനായ മെറ്റ. ഈ കരാറിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് കമ്പനികളും ചേര്‍ന്ന് ആദ്യ ഘട്ടത്തില്‍ 855 കോടി രൂപ (100 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കും. ഇതില്‍ റിലയന്‍സിന് 70 ശതമാനവും മെറ്റയ്ക്ക് 30 ശതമാനവുമാണ് വിഹിതമുണ്ടാവുക.

മെറ്റയുടെ ഓപ്പണ്‍-സോഴ്‌സ് എഐ മോഡലായ ലാമ അടിസ്ഥാനമാക്കിയാണ് റിലയന്‍സ്- മെറ്റ സഹകരണ സംരംഭം സാധ്യമാവുന്നത്. എന്‍റര്‍പ്രൈസ് എഐ പ്ലാറ്റ്‌ഫോം, പ്രീ-കോണ്‍ഫിഗേര്‍ഡ് എഐ സൊല്യൂഷന്‍സ് എന്നിങ്ങനെ രണ്ട് സേവനങ്ങളാണ് ഈ ആഗോള പങ്കാളിത്തം ലഭ്യമാക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ ആഗോള കരുത്തരിലൊന്നായ മെറ്റയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ മുന്‍പന്തിയിലുള്ള റിലയന്‍സ് ഇന്‍ഡസ്‌ട്രീസും തമ്മിലുള്ള സഹകരണം ഇന്ത്യയുടെ എഐ ചുവടുവെപ്പുകളില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. മെറ്റയുടെ ലാമ മോഡലുകളെ ആര്‍ഐഎല്ലിന്‍റെ ശക്തമായ ഡിജിറ്റല്‍ അടിത്തറയുമായി സംയോജിപ്പിക്കുന്നതിലൂടെ ഈ പങ്കാളിത്തത്തിന് ഉയര്‍ന്ന പ്രകടന നിലവാരമുള്ള എഐ സൊല്യൂഷനുകള്‍ ചെറിയ ചെലവില്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

‘ഇന്ത്യന്‍ ഡെവലപ്പര്‍മാര്‍ക്കും സംരംഭങ്ങള്‍ക്കും ഓപ്പണ്‍-സോഴ്‌സ് എഐയുടെ (ലാമ) കരുത്ത് പകര്‍ന്നുനല്‍കുന്നതിനായി റിലയന്‍സുമായി സഹകരിക്കാനാവുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഈ സംയുക്ത സംരംഭത്തിലൂടെ, മെറ്റയുടെ ലാമ മോഡലുകളെ യഥാര്‍ഥ ഉപയോഗത്തിലേക്ക് ഞങ്ങള്‍ കൊണ്ടുവരുന്നു. പുതിയ സഹകരണം വഴി സംരംഭക മേഖലയില്‍ മെറ്റ സാന്നിധ്യം വികസിപ്പിക്കുന്നതിലേക്ക് ഉറ്റുനോക്കുന്നതായും’- റിലയന്‍സുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു കൊണ്ട് മെറ്റ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. റിലയന്‍സുമായുള്ള സഹകരണത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ നിക്ഷേപവും സ്ഥാനവും നേടാനും മെറ്റയ്ക്കാകും.
‘റിലയന്‍സ് ഇന്‍റലിജന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ ഉപകമ്പനി വഴിയാണ് മെറ്റയുമായി റിലയന്‍സ് പങ്കാളിത്തത്തിലെത്തിയിരിക്കുന്നത്. റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഉടമ മുകേഷ് അംബാനി ഈ കമ്പനിയുടെ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിക്കായുള്ള സുപ്രധാന നീക്കമെന്ന് റിലയന്‍സ് ഇന്‍റലിജന്‍സിനെ റിലയന്‍സ് എജിഎം 2025ല്‍ മുകേഷ് അംബാനി വിശേഷിപ്പിച്ചു. മെറ്റയ്ക്ക് പുറമെ ഗൂഗിളുമായും റിലയന്‍സ് ഇന്‍റലിജന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിലേര്‍പ്പെടും. ഇന്ത്യക്കായി അടുത്ത തലമുറ എഐ ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ ഒരുക്കുക അടക്കമുള്ള വന്‍ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലെ പുതിയ കമ്പനി റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് രൂപീകരിച്ചിരിക്കുന്നത്.