കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു, അപകടത്തില്‍പ്പെട്ടത് വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന യുവാവടക്കം ആറുപേർക്ക് പരിക്കേറ്റു.അപകടത്തില്‍ കാർ തകർന്നു. കാറില്‍ വിദ്യാർഥിനികളായ നാലുപേരും കാറോടിച്ചിരുന്ന വിദ്യാർഥിയും ഇയാളുടെ സുഹൃത്തുമാണുണ്ടായിരുന്നത്. വെളളിയാഴ്ച വൈകിട്ട് ആറോടെ കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ മുക്കോലയ്ക്കും കല്ലുവെട്ടാൻ കുഴിക്കും ഇടയ്ക്കുളള ഭാഗത്താണ് അപകടം നടന്നത്. തമിഴ്നാട്ടിലെ തക്കലയിലുളള സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ് ഇവരെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
കാർ തലകീഴായി മറിയുന്നത് കണ്ട് സർവ്വീസ് റോഡിലൂടെ പോകുകയായിരുന്ന യാത്രക്കാരും സമീപവാസികളും ചേർന്നാണ് കാറിനുളളില്‍ നിന്ന് ഇവരെ പുറത്തെടുത്തത്. സംഭവമറിഞ്ഞ് എസ്.ഐ. അലോഷ്യസിന്റെ നേത്യത്വത്തില്‍ വിഴിഞ്ഞം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. വിദ്യാർഥികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.