വിനോദ സഞ്ചാരത്തിനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം
കൊല്ലം: കൊല്ലം തെന്മല ശെന്തുരുണിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ എല്‍പി സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് നേരെ കടന്നല്‍ കൂട്ടത്തിൻ്റെ ആക്രമണം.തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എല്‍പി സ്കൂളിലെ കുട്ടികള്‍ക്കാണ് കുത്തേറ്റത്. ശെന്തുരുണി കളംകുന്ന് ഭാഗത്ത് ട്രെക്കിങ്ങിന് പോയ സംഘത്തെയാണ് കടന്നല്‍ കൂട്ടം ആക്രമിച്ചത്. ശക്തമായ കാറ്റില്‍ കടന്നല്‍ കൂട് ഇളകിയതാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടികളെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.