Fincat

ഏഷ്യാ കപ്പ് മത്സരങ്ങള്‍ തുടങ്ങുന്ന സമയത്തില്‍ മാറ്റം, പുതുക്കിയ സമയം പ്രഖ്യാപിച്ചു

ദുബായ്: അടുത്ത മാസം ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. യുഎഇയിലെ കനത്ത ചൂട് കാരണം മത്സരങ്ങള്‍ അര മണിക്കൂര്‍ വൈകി മാത്രമെ തുടങ്ങൂവെന്ന് സംഘാടകര്‍ അറിയിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച് പ്രാദേശിക സമയം 6.30ന് (ഇന്ത്യൻ സമയം 8 മണി) ആയിരിക്കും മത്സരങ്ങള്‍ തുടങ്ങുക. അടുത്ത മാസം ഒമ്പതിന് അഫ്ഗാനിസ്ഥാൻ-ഹോങ്കോംഗ് മത്സരത്തോടെയാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ തുടങ്ങുക.

സെപ്റ്റംബര്‍ 10ന് ആണ് ഇന്ത്യയുടെ ആദ്യ മത്സരം. യുഎഇക്കെതിരെ ആണ് ഇന്ത്യ ആദ്യ മത്സരം കളിക്കുക. 14നാണ് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. 19ന് ഇന്ത്യ ഗ്രൂപ്പിലുള്ള ഒമാനെ നേരിടും. നാലു ടീമുകളെ വീതം രണ്ട് ഗ്രൂപ്പാക്കി തിരിച്ച് നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന നാലു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. ഇതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിലേക്ക് യോഗ്യത നേടുക. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് പരിഗണിച്ച് ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുന്നത്.