Fincat

സര്‍പ്രൈസ്! ബി​ഗ് ബോസിലേക്ക് ഒരുമിച്ച് 5 വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍, ഇനി 21 മത്സരാര്‍ഥികള്‍

ബി​ഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ആദ്യമായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. എന്നാല്‍ ഒന്നല്ല, അഞ്ച് പുതിയ മത്സരാര്‍ഥികളെയാണ് ബി​ഗ് ബോസ് ഒന്നിച്ച് ഹൗസിലേക്ക് കയറ്റി വിട്ടിരിക്കുന്നത്. ഇതോടെ ഹൗസിലെ ആകെ മത്സരാര്‍ഥികളുടെ എണ്ണം 21 ആയി ഉയര്‍ന്നു. സീരിയല്‍ താരം ജിഷിന്‍ മോഹന്‍, ഇന്‍റര്‍വ്യൂവര്‍ മസ്താനി, ആര്‍കിടെക്റ്റും നടിയും മോഡലുമായ വേദ് ലക്ഷ്മി, യുട്യൂബറും ഇന്‍ഫ്ലുവന്‍സറുമായ പ്രവീണ്‍, കോണ്ടെന്‍റ് ക്രിയേറ്ററും ഫുഡ് വ്ലോഗറും ഡാന്‍സറുമായ ആകാശ് സാബു (സാബുമാന്‍) എന്നിവയാണ് സീസണ്‍ 7 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയിരിക്കുന്നത്.

നിലവിലെ മത്സരാര്‍ഥികളെ ലിവിം​ഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി ഓരോരുത്തരായി പ്രധാന വാതിലിന് അടുത്തേക്ക് പോകാന്‍ ബി​ഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ഇപ്രകാരം ഷാനവാസ് ആണ് ആദ്യം പോയത്. ഷാനവാസിന് മുന്നിലേക്ക് വാതില്‍ തുറന്ന് എത്തിയത് ജിഷിന്‍ മോഹന്‍ ആണ്. ഇത്തരത്തില്‍ റെന മസ്താനിയെയും അനീഷ് പ്രവീണിനെയും ആര്യന്‍ സാബുമാനെയും നെവിന്‍ വേദ് ലക്മിയെയും സ്വീകരിച്ചു. പുതിയ മത്സരാര്‍ഥികള്‍ക്ക് ബി​ഗ് ബോസ് ഹൗസ് പരിചയപ്പെടുത്തുന്നതും സ്റ്റോര്‍ റൂമില്‍ നിന്ന് സമ്മാനങ്ങള്‍ എടുത്ത് നല്‍കുന്നതുമൊക്കെ സ്വീകരിച്ചവരുടെ ചുമതല ആയിരുന്നു. ഇവര്‍ക്ക് വൈകാതെ ഒരു ടാസ്കും ബി​ഗ് ബോസ് നല്‍കി. ഹൗസില്‍ ​​ഗ്രൂപ്പിസം കാണിക്കുന്നതിലെ പ്രധാനിയെയും ​ഗ്രൂപ്പ് ഉണ്ടെന്ന് മനസിലായിട്ടും അത് ​മനസിലായില്ലെന്ന് നടിക്കുന്നവരെയും ഹൗസിലെ ബോറിം​ഗ് ആയ ഒരു സാന്നിധ്യവും ആരൊക്കെയെന്ന് പറയുക എന്നതാണ് പുതിയ അഞ്ച് പേര്‍ക്കും ബി​ഗ് ബോസ് കൊടുത്ത ടാസ്ക്. വന്നവര്‍ നാല് ആഴ്ചകള്‍ ബി​ഗ് ബോസ് കണ്ടതിന്‍റെ ​ഗുണം എന്താണെന്നതിന്‍റെ തെളിവായിരുന്നു ഈ ടാസ്കിലെ അവരുടെ പ്രതികരണങ്ങള്‍.

ഒരു മാസത്തോളം ബി​ഗ് ബോസ് കണ്ടതിന് ശേഷം എത്തുന്ന ഇവര്‍ക്ക് മത്സരത്തില്‍ സ്വാഭാവികമായും ഒരു മേല്‍ക്കൈ ഉണ്ടാവും എന്നത് വസ്തുതയാണ്. എന്നാല്‍ ബി​ഗ് ബോസിലെ മുന്നോട്ടുപോക്കില്‍ ഈ മേല്‍ക്കൈ ​ഗുണപരമായി ഉപയോ​ഗിക്കാനാവുമോ എന്നത് വ്യക്ത്യാധിഷ്ഠിതമാണ്. മലയാളം ബി​ഗ് ബോസിന്‍റെ മുന്‍ സീസണുകള്‍ പരിശോധിച്ചാല്‍ തുടക്കത്തില്‍ ഞെട്ടിച്ച ചില വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുന്നോട്ടുപോക്കില്‍ ആ ഊര്‍ജ്ജം നഷ്ടപ്പെടാതെ കാത്തവര്‍ കുറവാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്നവരാരും ഇതുവരെ ടൈറ്റില്‍ എടുത്തിട്ടില്ല എന്നതും ശ്രദ്ധേയം. എന്നാല്‍ എല്ലാ കാര്യങ്ങളും പ്രവചനാതീതമായ ബി​ഗ് ബോസില്‍ ഇക്കുറി അത്തരത്തിലൊരു അട്ടിമറി സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല.