Fincat

ഇന്‍ഷുറന്‍സ് നിഷേധിച്ചു: 15,60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും സ്വന്തം പേരിലായിട്ടും ഇന്‍ഷുറന്‍സ് നിഷേധിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരിക്ക് 15,60,000/ രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍.

തൃശൂര്‍ വടക്കേക്കാട് സ്വദേശിനി ഷിംനാ ഫമീഷ് സമര്‍പ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പരാതിക്കാരിയുടെ പേരില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സുമുള്ള ബി.എം.ഡബ്ലിയു കാര്‍ ചാലക്കുടി – ആതിരപ്പള്ളി റോഡില്‍ വച്ചുണ്ടായ അപകടത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു. 15 ലക്ഷം രൂപക്കാണ് വാഹനം ഇന്‍ഷൂര്‍ ചെയ്തിരുന്നത്. ആതിരപ്പള്ളി പോലീസ് സംഭവ സമയം വാഹനം ഓടിച്ചിരുന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അപകട വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുകയും ചെയ്തു. പക്ഷേ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാന്‍ കമ്പനി തയ്യാറായില്ല.

അപകട സമയത്ത് വാഹനം പരാതിക്കാരിയുടേതായിരുന്നില്ല എന്നും പോലീസ് സ്റ്റേഷനില്‍ നിന്നും ഉടമസ്ഥനെന്ന നിലയില്‍ വാഹനം ഏറ്റു വാങ്ങിയത് മജീദ് എന്നയാളാണെന്നും അതിനാല്‍ പരാതിക്കാരിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയില്ലെന്നുമാണ് കമ്പനി അറിയിച്ചത്. പരാതിക്കാരിയും ഭര്‍ത്താവും വിദേശത്തേക്ക് പോകുന്നതിനാല്‍ സുഹൃത്തെന്ന നിലയില്‍ താത്കാലികമായി കൈമാറിയിരുന്നതാണെന്നും വാഹനത്തിന്റെ ഇന്‍ഷുറന്‍സും ഉടമസ്ഥതയും തന്റെ പേരിലാണെന്നും പോളിസി പ്രകാരം ആനുകൂല്യം അനുവദിക്കണമെന്നും ആവശ്യപ്പട്ട് പരാതിക്കാരി കമ്മിഷനെ സമീപിക്കുകയായിരുന്നു.

പരാതിയോടൊപ്പം സ്വന്തം പേരിലുള്ള അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഇന്‍ഷൂറന്‍സ് പോളിസിയും കമ്മിഷന്‍ മുമ്പാകെ ഹാജരാക്കി നന്നാക്കാനാവാത്ത വിധം കേടുവന്ന വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ മൂന്നര ലക്ഷം രൂപയ്ക്ക് വിറ്റതിന്റെ ഒറിജിനല്‍ രേഖയും പരാതിക്കാരി ഹാജരാക്കി.

പോലീസ് സ്റ്റേഷനില്‍ നിന്ന് വാഹനം ഏറ്റുവാങ്ങിയ കരാര്‍ ഉടമസ്ഥനാണ് യഥാര്‍ത്ഥ വാഹന ഉടമയെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം കമ്മിഷന്‍ നിരാകരിച്ചു. മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നയാളാണ് വാഹന ഉടമയെന്നിരിക്കെ, കരാര്‍ പ്രകാരമുള്ള ഉടമയാണ് യഥാര്‍ത്ഥ ഉടമയെന്ന് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷന്‍ വിധിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്നും വാഹനം ഏറ്റുവാങ്ങുന്നയാള്‍ യഥാര്‍ത്ഥ ഉടമയാകണമെന്നില്ല. ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കണമെന്ന വ്യവസ്ഥ പാലിച്ചാല്‍ മതി. പരാതിക്കാരിയും കരാര്‍ ഉടമയും തമ്മില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കവുമില്ല – കമ്മിഷന്‍ വിധിയില്‍ പറഞ്ഞു.

ഇന്‍ഷുറന്‍സ് ആനുകൂല്യമായി 13,50,000/രൂപയും നഷ്ടപരിഹാരമായി 2,00,000/രൂപയും കോടതി ചെലവായി 10,000/രൂപയും പരാതിക്കാരിക്ക് ഒരു മാസത്തിനകം നല്‍കുന്നതിനാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വന്നാല്‍ 9 ശതമാനം പലിശയും നല്‍കണം.