താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു.
താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു. ഒന്‍പതാം വളവില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. സുരക്ഷ വേലി തകര്‍ന്ന് ലോറി അല്‍പ്പം മുന്നോട്ട് നീങ്ങിയിട്ടുണ്ടെങ്കിലും കൊക്കയിലേക്ക് പതിക്കാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെ ലോഡുമായി സര്‍വീസ് നടത്തുന്ന വാഹനമാണിത്. ലോറിയില്‍ ലോഡുണ്ടായിരുന്നതിനാല്‍ മാത്രമാണ് വാഹനം താഴേക്ക് വീഴാതിരുന്നതെന്ന് ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തകര്‍ പറഞ്ഞു.
ഡ്രൈവര്‍ മാത്രമായിരുന്നു ലോറിയിലുണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടനെ ഓടിക്കൂടിയ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തകരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ഡ്രൈവറെ പുറത്തിറക്കി. ഭയപ്പെട്ടതിന്റെ പ്രശ്‌നങ്ങള്‍ അല്ലാതെ മറ്റു പരിക്കുകളൊന്നും ഇദ്ദേഹത്തിന് ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പൊലീസും കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്നിരക്ഷ സേനാംഗങ്ങളും അപകടസ്ഥലത്ത് എത്തിയിരുന്നു. മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് നിലവില്‍ ബുദ്ധിമുട്ട് നേരിടുന്നില്ല. വൈത്തിരിയില്‍ നിന്ന് ക്രെയിന്‍ എത്തിയാല്‍ ഉടന്‍ ലോറി അപകടസ്ഥലത്ത് നിന്ന് മാറ്റും.