Fincat

സുപ്രധാന തീരുമാനങ്ങളെടുത്ത് മോദി-ഷി ചർച്ച; ഇന്ത്യ-ചൈന എതിരാളികളല്ല

ഇന്ത്യയും ചൈനയും എതിരാളികളല്ലെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയത്. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ന്യായമായ വ്യാപാരം’ ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും യോജിച്ചു നിൽക്കുമെന്നും ഇന്ത്യയും ചൈനയും തീരുമാനിച്ചു. ഇന്ത്യ – ചൈന ബന്ധത്തിൽ പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിന് മോദിയുടെ സന്ദർശനവും ഷി ജിൻപിങുമായുള്ള ചർച്ചയും വളരെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യ – ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടു പോകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചക്ക് ശേഷം പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ – ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കാനുള്ള സംഭാഷണം നടന്നു. ഇന്ത്യ – ചൈന അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് തുടങ്ങും. ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.