അഫ്ഗാനിസ്താൻ ഭൂകമ്ബം: ദുരിതബാധിതര്‍ക്ക് സഹായങ്ങളെത്തിക്കാൻ ഇന്ത്യ തയ്യാര്‍- മോദി
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂചലനത്തിലുണ്ടായ മരണങ്ങളില്‍ നരേന്ദ്ര മോദി അനുശോചനവും രേഖപ്പെടുത്തി.
‘അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ അനേകമാളുകള്‍ക്ക് ജീവൻ നഷ്ടമായതില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ദുഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാൻ ഇന്ത്യ തയ്യാറാണ്’, നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും അഫ്ഗാനിസ്താൻ നേരിടേണ്ടി വന്ന ദുരിതത്തില്‍ ദുഖം രേഖപ്പെടുത്തി. ‘അഫ്ഗാനിസ്താനിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂചലനം ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ദുരിതം അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് സഹായവും ഐക്യദാർഢ്യവും ഞങ്ങള്‍ പ്രകടിപ്പിക്കുന്നു. ഈ അത്യാവശ്യഘട്ടത്തില്‍ ഇന്ത്യ എല്ലാവിധ സഹായങ്ങള്‍ക്കും തയ്യാറാണ്. ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു’, എസ്.ജയശങ്കർ എക്സില്‍ കുറിച്ചു.
കിഴക്കൻ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രി 11.46 ഓടെയാണ് റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കുറഞ്ഞത് 610 പേർ അപകടത്തില്‍ കൊല്ലപ്പെട്ടതായും 1,300 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.