സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് അയ്യപ്പന്റെ ചോദ്യം ചെയ്യലെന്ന് സൂചന
ഡോളറടങ്ങുന്ന ബാഗ് സ്പീക്കർ നൽകിയെന്നും അത് കോൺസുലേറ്റിൽ എത്തിച്ചെന്നും സ്വപ്നയുെടയും സരിത്തിെൻറയും മൊഴിയുണ്ടെന്നാണ് അറിയുന്നത്.
കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനോട് കസ്റ്റംസ് തേടിയത് സ്വർണക്കടത്ത് പ്രതികളായ സ്വപ്നയുടെയും സരിത്തിെൻറയും രഹസ്യമൊഴിയിലെ വിവരങ്ങളുമായി ബന്ധമുള്ള കാര്യങ്ങൾ. ഈ മൊഴിയിൽ സ്പീക്കറെ സംബന്ധിക്കുന്ന കാര്യങ്ങൾ പറയുന്നുണ്ടെന്നും ഇതിൽ വ്യക്തത തേടിയാണ് ചോദ്യം ചെയ്യലെന്നുമാണ് വിവരം.
ഡോളറടങ്ങുന്ന ബാഗ് സ്പീക്കർ നൽകിയെന്നും അത് കോൺസുലേറ്റിൽ എത്തിച്ചെന്നും സ്വപ്നയുെടയും സരിത്തിെൻറയും മൊഴിയുണ്ടെന്നാണ് അറിയുന്നത്. ഇവരും സ്പീക്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അയ്യപ്പന് അറിയാമെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. ഇക്കാര്യങ്ങളാണ് ചോദിച്ചത്.
സ്പീക്കറുടെ വിദേശയാത്രകള്, സ്വപ്ന സുരേഷ്, സന്ദീപ് നായർ തുടങ്ങിയ പ്രതികളുമായുള്ള ബന്ധം തുടങ്ങിയവയും ചോദിച്ചു. മൊഴി വിശദമായി പരിശോധിച്ചശേഷം വേണ്ടിവന്നാൽ പി.ശ്രീരാമകൃഷ്ണനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് അയ്യപ്പന്റെ ചോദ്യം ചെയ്യലെന്ന് സൂചനയുണ്ട്.
രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി അയ്യപ്പൻ എത്തിയിരുന്നില്ല. പേഴ്സനൽ സ്റ്റാഫിനെ ചോദ്യം ചെയ്യാൻ സ്പീക്കറുെട അനുമതി വേണമെന്ന് നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ കസ്റ്റംസിന് കത്ത് നൽകിയിരുന്നു. ആദ്യം ഫോണിലൂടെയായിരുന്നു ചോദ്യം ചെയ്യലിനെത്താൻ ആവശ്യപ്പെട്ടത്. പിന്നീട് ഓഫിസിലേക്ക് നോട്ടീസ് അയച്ചു. വീട്ടിലേക്ക് നോട്ടീസ് നൽകിയതോടെയാണ് ഹാജരാകാൻ തീരുമാനിച്ചത്. മുമ്പ് കോൺസുലേറ്റ് ജനറലിെൻറയും അറ്റാഷെയുടെയും ഡ്രൈവർമാരെ ചോദ്യം ചെയ്തിരുന്നു.