യുഎഇ പ്രസിഡന്റിന്റെ സൗദി സന്ദർശനത്തിന് തുടക്കമായി, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് സൗദി കിരീടാവകാശി
റിയാദ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സൗദി അറേബ്യയിലേക്കുള്ള സൗഹൃദ സന്ദർശനത്തിന് തുടക്കമായി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു.
യുഎഇയും സൗദിയും തമ്മിലുള്ള പരസ്പര ബന്ധത്തെ ഈ സന്ദർശനം എടുത്തുകാണിക്കുന്നുവെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മേഖല വികസന കാര്യങ്ങളും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷൽ കോർട്ട് ഫോർ സ്പെഷൽ അഫയേഴ്സ് ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സ്റ്റേറ്റ് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസ്സൻ അൽ സുവൈദി, അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനായ പ്രസിഡന്റിന്റെ ഓഫിസ് ഡയറക്ടറും സ്ട്രാറ്റജിക് അഫയേഴ്സ് ഓഫിസിന്റെ ഡയറക്ടറുമായ ഡോ. അഹ്മദ് മുബാറക് അൽ മസ്രൂയി, സൗദി അറേബ്യയിലെ യു.എ.ഇ അംബാസഡർ ഷെയ്ഖ് നഹ്യാൻ ബിൻ സെയ്ഫ് അൽ നഹ്യാൻ എന്നിവർ യു.എ.ഇ പ്രതിനിധി സംഘത്തിലുണ്ട്.