ഇന്ത്യയില്‍ ആദ്യ ടെസ്‌ല വിറ്റഴിച്ചത് മുംബൈയില്‍, വാങ്ങിയത് മന്ത്രി; ഇവികള്‍ ഇനി നിരത്തിലേക്ക്
രാജ്യത്ത് ആദ്യമായി വിറ്റഴിക്കുന്ന കാർ കൈമാറി ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇവി നിർമ്മാതാക്കളായ ടെസ്ല. ഇന്ത്യയില്‍ ആദ്യത്തെ ഷോറൂം തുറക്കുകയും മോഡല്‍ വൈ പുറത്തിറക്കുകയും ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ആദ്യ കാർ നിരത്തിലിറങ്ങുന്നത്.മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായികാണ് ഇന്ത്യയില്‍നിന്ന് ആദ്യ ടെസ്ല കാർ വാങ്ങിയത്. ജൂലായ് 15-ന് ഉദ്ഘാടനം ചെയ്ത മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള ടെസ്ല എക്സ്പീരിയൻസ് സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി മോഡല്‍ വൈ ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യ ടെസ്ല സ്വന്തമാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതെനിക്ക് അഭിമാനകരമായ കാര്യമാണ്. മുഴുവൻ തുകയും നല്‍കിയാണ് കാർ വാങ്ങിയത്. പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാൻ ഈ ടെസ്ല ഉപയോഗിക്കാനാണ് തീരുമാനം. അതുവഴി കൂടുതല്‍ ആളുകള്‍ കാർ കാണുകയും ഇലക്‌ട്രിക് വാഹനങ്ങളെക്കുറിച്ച് പഠിക്കുകയും അവ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വാങ്ങിയ കാർ സാധാരണ മോഡലാണോ ലോങ് റേഞ്ച് മോഡലാണോ എന്ന് വ്യക്തമല്ല. RWD മോഡലിന് 59.89 ലക്ഷം രൂപ മുതലും ലോങ് റേഞ്ച് RWD മോഡലിന് 67.89 ലക്ഷം രൂപ മുതലുമാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
രാജ്യത്തുനിന്ന് ഇതുവരെ ടെസ്ലയ്ക്ക് 600 ബുക്കിങ്ങുകളാണ് ലഭിച്ചത്. ഇത് കമ്ബനി പ്രതീക്ഷിച്ചിരുന്നത് പോലെയുള്ള ഉയർന്ന ബുക്കിങ്ങല്ലെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം 350-നും 500-നും ഇടയില്‍ കാറുകള്‍ ഇന്ത്യയിലേക്ക് അയയ്ക്കാൻ ടെസ്ല പദ്ധതിയിടുന്നതായും ഇതില്‍ ആദ്യ ബാച്ച് സെപ്റ്റംബർ ആദ്യം ഷാങ്ഹായില്‍ നിന്ന് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ രണ്ട് വേരിയന്റുകളിലാണ് മോഡല്‍ Y വാഗ്ദാനം ചെയ്യുന്നത് – 60kWh ബാറ്ററിയുള്ള റിയർ-വീല്‍ ഡ്രൈവ് (RWD), 75kWh ബാറ്ററിയുള്ള ലോംഗ് റേഞ്ച് RWD. സ്റ്റാൻഡേഡ് RWD മോഡലിന് 500 കിലോമീറ്റർ റേഞ്ച് കമ്ബനി വാഗ്ദാനം ചെയ്യുന്നു, കൂടാതെ 5.9 സെക്കൻഡിനുള്ളില്‍ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ലോങ് റേഞ്ച് RWD മോഡലിന് 622 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. 5.6 സെക്കൻഡില്‍ 100 കിലോമീറ്റർ വേഗത കൈവരിക്കും. രണ്ടിനും മണിക്കൂറില്‍ 201 കിലോമീറ്റർ ആണ് പരമാവധി വേഗത. 19 ഇഞ്ച് അലോയ് വീലുകള്‍, 15 മിനിറ്റിനുള്ളില്‍ 267 കിലോമീറ്റർ വരെ റേഞ്ച് നല്‍കുന്ന സൂപ്പർചാർജിംഗ് പിന്തുണ എന്നിവയും ഇവയുടെ സവിശേഷതകളാണ്. ടെസ്ലയുടെ ഫുള്‍ സെല്‍ഫ്-ഡ്രൈവിംഗ് പാക്കേജിന് 6 ലക്ഷം രൂപ അധികം നല്‍കണം. ടെസ്ലയുടെ ഔദ്യോഗിക ഇന്ത്യ പോർട്ടല്‍ വഴിയോ മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഷോറൂമുകളിലോ ടെസ്ല മോഡല്‍ Y ബുക്ക് ചെയ്യാം.
നിലവില്‍ മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ മാത്രമാണ് ഡെലിവറിയും രജിസ്ട്രേഷനും ലഭ്യമായിട്ടുള്ളത്. മോഡല്‍ Y-യുടെ കൈമാറ്റം 2025-ന്റെ മൂന്നാം പാദത്തില്‍ പ്രതീക്ഷിക്കാം എന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നത്.