മലക്കം മറിഞ്ഞ് ട്രംപ്; ഇന്ത്യയെയും റഷ്യയെയും നഷ്ടപ്പെട്ടുവെന്ന് കരുതുന്നില്ല, എങ്കിലും നിരാശനാണ്
വാഷിംഗ്ടണ്‍: ഇന്ത്യയും റഷ്യയും ചൈനാപക്ഷത്ത് എത്തിയെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.അങ്ങനെ സംഭവിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതില്‍ നിരാശ പ്രകടിപ്പിച്ച ട്രംപ് ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയെക്കുറിച്ച് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് വാചാലനാവുകയും ചെയ്തു.
‘അവരെ നമുക്ക് നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യ റഷ്യയില്‍നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ ഞാൻ വളരെ നിരാശനാണ്. ഞാനത് അവരെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ വളരെ വലിയ തീരുവ ചുമത്തിയിട്ടുണ്ട്- 50 ശതമാനം. വളരെ ഉയർന്ന തീരുവ. നിങ്ങള്‍ക്കറിയാവുന്നതുപോലെ, മോദിയുമായി ഞാൻ വളരെ നല്ല ബന്ധത്തിലാണ്. ഏതാനും മാസങ്ങള്‍ക്ക് മുൻപ് അദ്ദേഹം ഇവിടെയുണ്ടായിരുന്നു. സത്യത്തില്‍ ഞങ്ങള്‍ റോസ് ഗാർഡനില്‍ ഒരു വാർത്താസമ്മേളനം വരെ നടത്തി.’
ചൈനയിലെ ടിയാൻജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ സമിതി യോഗത്തില്‍ ഇന്ത്യ, റഷ്യ, ചൈന നേതാക്കള്‍ ഒരുമിച്ച് പങ്കെടുത്തതില്‍ ഖിന്നനായി റഷ്യയെയും ഇന്ത്യയെയും ഇരുണ്ട ലോകമായ ചൈന കവർന്നു എന്ന് ട്രൂത്ത് സോഷ്യലില്‍ കമന്റ് പോസ്റ്റ് ചെയ്തിരുന്നു. ‘ഇരുണ്ട ലോകമായ ചൈനയോട് ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ!’ എന്ന് ട്രംപ് എഴുതി.
അതേസമയം, റഷ്യൻ എണ്ണ വാങ്ങി ഇന്ത്യ വൻലാഭം കൊയ്യുന്നുവെന്ന് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോ വീണ്ടും ആരോപിച്ചു. അതോടൊപ്പം ഇന്ത്യയുടെ തീരുവകള്‍ അമേരിക്കക്കാരുടെ ജോലി നഷ്ടപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
റഷ്യൻ ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതില്‍ ട്രംപ് നിരാശനാണെന്ന് വൈറ്റ് ഹൗസ് സാമ്ബത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റും പറഞ്ഞു. ‘റഷ്യയുടെ യുക്രൈൻ യുദ്ധത്തിന് ഇന്ത്യ പണം നല്‍കുന്നത് തുടരുന്നതില്‍ പ്രസിഡന്റും സംഘവും നിരാശരാണ്. ഇതൊരു ജനാധിപത്യപരമായ പ്രശ്നമാണ്, നല്ല മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’ ഹാസെറ്റ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ പരാമർശങ്ങളില്‍ പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. വ്യാപാര വിഷയങ്ങളില്‍ യുഎസ് പക്ഷവുമായി ഇന്ത്യ ചർച്ചകള്‍ തുടരുന്നു എന്ന് മാത്രമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്. ഏതൊരു രാജ്യവുമായുള്ള ബന്ധവും സ്വന്തം നിലയിലാണ് നിലനില്‍ക്കുന്നതെന്നും അതിനെ മൂന്നാം രാജ്യത്തിന്റെ കണ്ണിലൂടെ കാണരുതെന്നും ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.