മമ്മൂട്ടിക്ക് 74 വയസ്സ്
മലയാളികളുടെ പ്രിയ താരം മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. നടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. അതേസമയം, നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള നടൻ മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘മനോജേ…എനിക്കിന്ന് 74 വയസ്സ് തികയുകയാ കേട്ടോ..’ എന്ന അടിക്കുറിപ്പോടെയാണ് നടൻ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
സിനിമ, രാഷ്ട്രീയം, സാംസ്കാരികം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ആരാധകരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിൻ്റെ ചിത്രങ്ങളും സിനിമയിലെ രംഗങ്ങളും പങ്കുവെച്ചുകൊണ്ട് ആരാധകർ ആഘോഷമാക്കുകയാണ് ഈ ദിനം.
നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിമാനമായി നിലകൊള്ളുന്ന മമ്മൂട്ടി, തൻ്റെ അഭിനയ മികവുകൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടി. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിൻ്റെ കരിയറിലെ തിളക്കമുള്ള ഏടുകളാണ്. ഭരത് മമ്മൂട്ടി എന്ന ബഹുമതിയോടെയാണ് അദ്ദേഹത്തെ സിനിമാ ലോകം ആദരിക്കുന്നത്. ഇന്നും യുവനിരയെ വെല്ലുന്ന പ്രസരിപ്പോടെ കലാരംഗത്ത് നിറഞ്ഞുനിൽക്കുന്ന മമ്മൂട്ടിക്ക് കൂടുതൽ വിജയങ്ങൾ നേടാൻ കഴിയട്ടെ എന്ന് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ആഗ്രഹിക്കുന്നു.