ബസ് കാത്തിരിപ്പ് കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചു

നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു

മലപ്പുറം: യു.ഡി.എഫിന്റെ കുത്തക ഭരണം അവസാനിപ്പിച്ച് നിലമ്പൂര്‍ നഗരസഭ എല്‍.ഡി.എഫ് പിടിച്ചെടുത്തതിന് പിന്നാലെ നഗരസഭയുടെ അധീനതയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറി പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചു കൊടി കെട്ടിയെന്ന് പരാതി. നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു.

 

 

കെഎന്‍ജി റോഡില്‍ ജനതപ്പടിയില്‍ ആണ് സംഭവം. ബസ് കാത്തിരിപ്പ് കേന്ദ്രം 40 വര്‍ഷം മുന്‍പ് ലയണ്‍സ് ക്ലബ് നിര്‍മിച്ചതാണ്. ഭിത്തികള്‍ വിണ്ടുകീറിയും അടിത്തറ ഇരുന്നും കെട്ടിടം തകര്‍ച്ചയില്‍ ആണ്. പുനര്‍നിര്‍മിക്കുമെന്ന് അടുത്തിടെ നഗരസഭാധ്യക്ഷന്‍ പ്രഖ്യാപനം നടത്തി. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെട്ടിടത്തിന് ചുമപ്പും വെള്ളയും പെയിന്റടിച്ചു. നക്ഷത്ര ചിഹ്നവും വരച്ചു. ഡിവൈഎഫ്‌ഐയുടെ കൊടിയും സ്ഥാപിച്ചു.

സംഭവം വിവാദമായതോടെ നഗരസഭയുടെ അനുമതി വാങ്ങാതെ ആണ് പ്രവൃത്തി നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. പൊതുമുതല്‍ കയ്യേറിയതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആണ് സെക്രട്ടറി എ.ഫിറോസ് ഖാനെ കോണ്‍ഗ്രസ് ഉപരോധിച്ചത്. കെട്ടിടത്തില്‍ നിന്ന് ഡിവൈഎഫ്‌ഐ പതാക ഉള്‍പ്പെടെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ആര്യാടന്‍ ഷൗക്കത്ത്, വി.എ.കരിം, പാലോളി മെഹബൂബ്, എ.ഗോപിനാഥ്, ഷേര്‍ളി മോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. നടപടിയെടുക്കാമെന്ന ഉറപ്പില്‍ ആണ് സമരം അവസാനിപ്പിച്ചത്.

നിയമ നടപടി ആവശ്യപ്പെട്ടു ഐ എന്‍ ടി യു സി ഭാരവാഹികളായ നജീബ്, റഹീം ചോലയില്‍, ടി.എം.എസ്. ആസിഫ്, റനീസ് കവാട് എന്നിവരും സെക്രട്ടറിക്ക് പരാതി നല്‍കി. യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറി, പൊതുമരാമത്ത് (റോഡ്‌സ് ) അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.