ഗ്രാമപഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയും മർദിച്ചതായും പരാതി.
നെന്മാറ: പാലക്കാട് നെന്മാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സുനിത സുകുമാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായും മർദിച്ചതായും പരാതി. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വീടിനടുത്ത് റോഡരികിൽ ഏതാനും പേർ കാർ നിർത്തി കയറ്റിക്കൊണ്ടുപോയെന്നും മർദിച്ചെന്നും വധഭീഷണിയുയർത്തിയെന്നും പഞ്ചായത്ത് അംഗം പരാതിപ്പെട്ടു.
ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയതായും സുനിത പറഞ്ഞു. ജീവിതവും കുടുംബവും കുട്ടികളുമാണോ അതോ പാർട്ടിയാണോ വലുതെന്ന് ചോദിച്ചു. കുടുംബവും കുട്ടികളും മതിയെന്നും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറാമെന്നും പറഞ്ഞതോടെ റോഡരികിൽ ഇറക്കി വിടുകയായിരുന്നുവെന്നും അവർ പറഞ്ഞു. സുനിതയെ നെന്മാറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ കോൺഗ്രസ് അംഗമാണ് ഇവർ.
സംഭവം അറിഞ്ഞ് ഡി.സി.സി അധ്യക്ഷൻ വി.കെ ശ്രീകണ്ഠൻ എം.പി, സ്ഥലം എം.പി രമ്യാ ഹരിദാസ് എന്നിവർ ആശുപത്രിയിലെത്തി സുനിതയെ സന്ദർശിച്ചു. തട്ടിക്കൊണ്ടു പോകൽ, വധഭീഷണി എന്നീ വകുപ്പുകൾ ചേർത്ത് നെന്മാറ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സുനിതയുടെ മൊഴിയെടുത്തതായി നെന്മാറ പൊലീസ് അറിയിച്ചു. നറുക്കടുപ്പിലൂടെയാണ് നെന്മാറ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചത്.