Fincat

ഫിഫ റാങ്കിംഗില്‍ അര്‍ജന്റീനയ്ക്ക് തിരിച്ചടി, ഒന്നാം സ്ഥാനം നഷ്ടമാകും

സൂറിച്ച്: 2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക് നഷ്ടമാവുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ടതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഈമാസം പതിനെട്ടിന് ഫിഫ പുറത്തിറക്കുന്ന റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴും. സ്‌പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിക്കുമ്പോള്‍ ഫ്രാന്‍സ് ആയിരിക്കും രണ്ടാം സ്ഥാനത്ത്. രണ്ടു വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് അര്‍ജന്റീനയ്ക്ക് ഒന്നാം റാങ്ക് നഷ്ടമാവുന്നത്.

ഇംഗ്ലണ്ട്, പോര്‍ട്ടുഗല്‍, ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ക്രോയേഷ്യ, ഇറ്റലി എന്നിവരാണ് നാല് മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. ഫിഫ മത്സരങ്ങള്‍ക്ക് 25 പോയിന്റും സൗഹൃദ മത്സരങ്ങള്‍ക്ക് അഞ്ച് പോയിന്റുമാണ് റാങ്കിംഗില്‍ കിട്ടുക. പുതിയ റാങ്കിംഗ് വരുമ്പോള്‍ ഇന്ത്യയും മുന്നേറാന്‍ സാധ്യത ഏറെയാണ്. അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു ടീം. അവസാനം വന്ന റാങ്കിംഗില്‍ ആറ് സ്ഥാനം നഷ്ടമായ ഇന്ത്യ 133ആം റാങ്കിലേക്ക് വീണിരുന്നു. സമീപ കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗാണിത്.

ഏഷ്യന്‍ റാങ്കിങ്ങില്‍ 24-ാം സ്ഥാനത്താണ് ഇന്ത്യ. 2016 ഡിസംബറില്‍ 135-ാം സ്ഥാനത്തായതാണ് ഇതിന് മുന്‍പത്തെ മോശം പ്രകടനം. 97-ാം സ്ഥാനം വരെ ഉയര്‍ന്ന ഇന്ത്യക്ക് തുടര്‍ച്ചയായ തോല്‍വികളാണ് തിരിച്ചടിയായത്. ഖാലീദ് ജമീല്‍ വരുന്നതിന് മുമ്പ് അവസാന പതിനാറ് മത്സരത്തില്‍ നിന്ന് ഇന്ത്യ ഒറ്റക്കളിയില്‍ മാത്രമാണ് ജയിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് മനോലോ മാര്‍ക്വേസ് അടുത്തിടെ സ്ഥാനം ഒഴിഞ്ഞിരുന്നു. എ എഫ് സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ പിന്നിലുള്ള ഹോങ്കോംഗിനോട് തോറ്റതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.