പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ യുവാവിന് 23 വർഷം തടവ് ശിക്ഷ. പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്ത് എന്ന ചക്കര(24)യെയാണ് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴയായി പ്രതി അടയ്ക്കുന്ന തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.
‘പെൺകുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി തട്ടിക്കൊണ്ടുപോകൽ’
2021 ലും 2022 ലുമായാണ് പീഡനം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബറിൽ പ്രതി പല തവണ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ പ്രതി ഏറെ നാൾ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി. ഇതറിഞ്ഞ പെൺകുട്ടി വീട്ടിൽ നിന്ന് തന്നെ വിളിച്ചുകൊണ്ടുപോകണം എന്ന് പ്രതിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തിയതായും 2022 മാർച്ചിൽ പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയ പ്രതി വർക്കലയിൽ പെൺകുട്ടിക്കൊപ്പം രണ്ട് ദിവസം താമസിച്ചു.
ഇതിന് പിന്നാലെ പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് വർക്കലയിൽ ലോഡ്‌ജിൽ നിന്ന് ഇരുവരെയും കണ്ടെത്തി. ആദ്യത്തെ കേസിൽ പ്രതിയെ നേരത്തെ തന്നെ കോടതി ശിക്ഷിച്ചിരുന്നു. രണ്ടാമത്തെ കേസിലാണ് ഇപ്പോൾ കോടതി പ്രതിക്കെതിരെ ശക്തമായ ശിക്ഷാ വിധി പുറപ്പെടുവിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹന്‍, അഭിഭാഷകരായ നിവ്യ റോബിൻ, അരവിന്ദ്.ആർ എന്നിവർ ഹാജരായി. തിരുവനന്തപുരം ഫോർട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജി, ഫോർട്ട് എസ് ഐ കെ.ഉണ്ണികൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 32 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകളും 4 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.