പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസ്. കൊല്ലം അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസിലെ കായിക അധ്യാപകൻ റാഫിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ്. വിദ്യാര്‍ത്ഥിയെ തടഞ്ഞുവെച്ച് താക്കോൽ കൊണ്ട് മര്‍ദിച്ചെന്നാണ് കേസ്. വിദ്യാര്‍ത്ഥിയുടെ മുഖത്താണ് പരിക്കേറ്റത്. സംഭവത്തിൽ അധ്യാപകനെ അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.ഇക്കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
വൈകിട്ട് മൂന്നരയ്ക്ക് വിദ്യാര്‍ത്ഥിയും മറ്റു സുഹൃത്തുക്കളും സ്കൂളിലെ വരാന്തയിലൂടെ നടന്നുപോകുന്നതിനിടെ വേഗത്തിൽ നടന്നുപോകൻ കായികാധ്യാപകനായ റാഫി ആവശ്യപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ത്ഥി വേഗത്തിൽ നടക്കാതെ സാവധാനം നടന്നു. ഇതിലുള്ള വൈരാഗ്യത്തിൽ വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി താക്കോല്‍ കൊണ്ട് മാരകമായി മുറിവേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അന്യായമായി തടഞ്ഞുവെക്കൽ, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് അധ്യാപകനെതിരെ കേസടുത്തിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ വിദ്യാര്‍ത്ഥിയെയും സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യം വിദ്യാര്‍ത്ഥി അധ്യാപകനെ തല്ലി താഴെയിട്ടുവെന്നും അധ്യാപകനെ തല്ലിയാലും കുട്ടിയെ തല്ലാൻ പാടില്ലെന്നാണ് നമ്മുടെ രീതിയെന്നും മന്ത്രി പറഞ്ഞു. കുട്ടിയെ മര്‍ദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ക്യാമ്പസ് അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിൽ തല്ലാനുള്ള സ്ഥലമല്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.