ബന്ദികളുടെ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ട; ഇസ്രയേലിന്റെ ആക്രമണത്തില്‍ പ്രതികരിച്ച് ഖത്തര്‍ പ്രധാനമന്ത്രി
ദോഹ: ഖത്തറിന്റെ പരമാധികാരത്തിനു പ്രഹരമേല്‍പ്പിച്ച് ദോഹയില്‍ ഇസ്രയേല്‍ ഹമാസിനു നേരെ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ ബിൻ ജാസിം അല്‍ താനി.സിഎൻഎന്നിനു നല്കിയ അഭിമുഖത്തില്‍ ഇസ്രയേല്‍ ആക്രമണത്തെ രാഷ്ട്രഭീകരത എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസ് ബന്ദികളാക്കിയവരുടെ എല്ലാ പ്രതീക്ഷകളും തകർത്തുവെന്നും സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയെന്നും ഷെയ്ഖ് അല്‍ താനി വ്യക്തമാക്കി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച ഇസ്രയേലി നേതാവിനെ ‘നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിഎൻഎന്നിലെ ബെക്കി ആൻഡേഴ്സണുമായുള്ള അഭിമുഖത്തിലാണ് ഷെയ്ഖ് അല്‍ താനി ഇസ്രയേല്‍ ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് ഖത്തർ. അതുകൊണ്ടുതന്നെ, ഇസ്രയേല്‍ ആക്രമണത്തില്‍നിന്ന് തങ്ങള്‍ സുരക്ഷിതരാണെന്ന് ഖത്തർ കരുതിയിരുന്നു. നാലുമാസം മുമ്ബാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തർ സന്ദർശിച്ചത്. ഹൃദ്യമായി സ്വാഗതമരുളുക മാത്രമല്ല, യുഎസുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറുകളില്‍ ഖത്തർ ഒപ്പിട്ടു. ട്രംപ് മടങ്ങുന്നതിന് മുമ്ബായി, വിവാദമായ ഒരു പ്രസിഡൻഷ്യല്‍ വിമാനം ഖത്തറിന് സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ ഖത്തർ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള പുതിയ വെടിനിർത്തല്‍-ബന്ദി കരാർ മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍റഹ്മാൻ ബിൻ ജാസിം അല്‍ താനി, ഹമാസിന്റെ മുഖ്യ മധ്യസ്ഥൻ ഖലീല്‍ അല്‍-ഹയ്യയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം നടക്കാനിരുന്ന അടുത്ത യോഗത്തില്‍ ഹമാസിന്റെ മറുപടി പ്രതീക്ഷിച്ചിരുന്ന ഖത്തറിന് പക്ഷേ മറ്റൊരു വാർത്തയാണ് ലഭിച്ചത്. മറുപടിക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുൻപ്, ഇസ്രയേലി ജെറ്റുകള്‍ ദോഹയിലെ ഒരു പാർപ്പിട സമുച്ചയത്തില്‍ ബോംബിട്ടു. അഞ്ച് ഹമാസ് അംഗങ്ങളും ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഗാസയിലെ 23 മാസത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലെ നിരന്തരമായ തിരിച്ചടികളോട് ഇതുവരെയും സംയമനത്തോടെ മാത്രമാണ് ഖത്തർ പ്രതികരിച്ചിരുന്നത്. എന്നാല്‍ പുതിയ ആക്രമണത്തിന് പിന്നാലെ, ശക്തവും വികാരപരവും കുറ്റപ്പെടുത്തുന്നതുമായ വാക്കുകളാണ് ഖത്തർ പ്രധാനമന്ത്രിമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഞെട്ടലും വഞ്ചിക്കപ്പെട്ടുവെന്ന ചിന്തയും പ്രകടമാക്കുന്ന പ്രസ്താവനകളാണ് സിഎൻഎൻ മാധ്യമത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന അഭിമുഖത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ഈ വർഷം ജൂണില്‍, മേഖലയിലെ ഏറ്റവും വലിയ യുഎസ് സൈനിക കേന്ദ്രമായ അല്‍ ഉദൈദ് സൈനിക താവളത്തില്‍ ഇറാൻ ആക്രമണം നടത്തിയപ്പോള്‍, അത് അമേരിക്കയ്ക്ക് വേണ്ടിയേറ്റ പ്രഹരമായാണ് ഖത്തർ കണക്കാക്കിയിരുന്നത്. തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടിയാണിതെന്നാണ് ടെഹ്റാൻ പറഞ്ഞത്. ദോഹ ശക്തമായ അപലപനം നടത്തിയതല്ലാതെ കാര്യമായൊന്നും ചെയ്തില്ല.
ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യമായിട്ടുപോലും, ഹമാസുമായി പരോക്ഷമായി ചർച്ച നടത്താൻ അവരുടെ പ്രതിനിധി സംഘത്തെ ഖത്തർ ക്ഷണിച്ചു. ‘സമാധാനത്തിന് വേണ്ടി ഞങ്ങളോടൊപ്പം ധീരമായി വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു’ എന്ന് പറഞ്ഞാണ് ഖത്തറിനെ പ്രസിഡന്റ് ട്രംപ് അന്ന് അഭിനന്ദിച്ചത്.
എന്നാല്‍ തിങ്കളാഴ്ച ഖത്തറിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണം പുതിയ ചിന്തകളിലേക്ക് ഗള്‍ഫ് രാജ്യങ്ങളെയാകെ നയിക്കും എന്നതില്‍ സംശയമില്ല. ഗാസയില്‍ സമാധാന ചർച്ചകള്‍ക്കുള്ള വാതില്‍ ഖത്തർ അടച്ചിട്ടില്ലെങ്കിലും അനിശ്ചിതാവസ്ഥ തുടരുകയാണ്.
‘ഭാവിയിലെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് ആ രാജ്യങ്ങള്‍ ചിന്തിക്കുമെന്ന് ഞാൻ കരുതുന്നു. മാത്രമല്ല, സ്വന്തം സഖ്യകക്ഷികളില്‍ നിന്ന് പോലും തങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ഒരു പങ്കാളിയെ ആശ്രയിക്കുന്നതിന് പകരം, ഏത് തരത്തിലുള്ള സുരക്ഷാ സംവിധാനത്തിലാണ് ഇനി മുതല്‍ നിക്ഷേപിക്കേണ്ടതെന്നും അവർ ആലോചിക്കും.’ കാർണഗീ എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണല്‍ പീസിലെ പണ്ഡിതനായ എച്ച്.എ. ഹെല്ലിയർ വ്യക്തമാക്കി.
അമേരിക്കയും ഗള്‍ഫ് പങ്കാളികളും തമ്മിലുള്ള വിശ്വാസത്തിന് ഈ ആക്രമണം വലിയ കോട്ടം വരുത്തിയിട്ടുണ്ട്. അതിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. അത് പ്രധാനമായും പ്രസിഡന്റ് ട്രംപ് തന്റെ സഖ്യകക്ഷികള്‍ക്ക് നല്കുന്ന ഉറപ്പുകളെയും ഇസ്രയേലിന് നല്കുന്ന പൊതു സന്ദേശങ്ങളെയും ആശ്രയിച്ചിരിക്കും. ഭാവിയിലെ മധ്യസ്ഥ ശ്രമങ്ങളെ ഇത് എത്രത്തോളം നിരുത്സാഹപ്പെടുത്തുമെന്നതാണ് വലിയ ചോദ്യം.