ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതാണ് സുപ്രധാന വാർത്ത. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. അതേസമയം, ശബരിമല ശ്രീകോവിലിനു സമീപത്തെ സ്വർണ പാളി അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുപോയ സംഭവത്തിൽ ദേവസ്വം ബോർഡ് നൽകിയ റിവ്യൂ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.
സ്വർണപാളിയിൽ റിവ്യൂ ഹർജി
ശബരിമല ശ്രീകോവിലിനു സമീപത്തെ സ്വർണ പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സംഭവത്തിൽ ദേവസ്വം ബോർഡ് നൽകിയ റിവ്യൂ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപാളികൾ അതേപടി തിരികെ കൊണ്ടുവരാനായിരുന്നു ദേവസ്വം ബെഞ്ചിന്‍റെ നിർദേശം. എന്നാൽ സ്വർണപ്പാളികൾ ഉരുക്കി അറ്റകുറ്റപ്പണി തുടങ്ങിയ സാഹചര്യത്തിൽ അതേപടി തിരികെയെത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് റിവ്യൂ ഹർജിയിലൂടെ അറിയിക്കും.
വിജിലിനായി തെരച്ചിൽ
കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ മൃതദേഹത്തിനായി സരോവരത്ത് നടത്തുന്ന തെരച്ചില്‍ ഇന്നും തുടരും. വിജിലിന്‍റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ കേസില്‍ പ്രതികളായ നിഖിലിന്‍റേയും ദീപേഷിന്‍റേയും കസ്റ്റഡി കാലാവധി ഇന്ന് കഴിയും. ഉച്ചക്ക് ഇരുവരേയും കോടതിയില്‍ ഹാജരാക്കും. വിജിലിന്‍റെ അസ്ഥി നിമജ്ജനം ചെയ്തെന്ന് പ്രതികള്‍ മൊഴി നല്‍കിയ വരക്കല്‍ ബീച്ചില്‍ പോലീസ് സംഘം തെളിവെടുപ്പ് നടത്തി.
സിപിആറിന്‍റെ സത്യപ്രതിജ്ഞ
രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില് പങ്കെടുക്കും. 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ദില്ലിയിൽ തുടങ്ങും. മൂന്ന് ദിവസമായി ചേരുന്ന സിസി യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാനാണ് സിസി യോഗം ചേരുന്നത്. ഉപരാഷട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്നിവ യോഗത്തിൽ ചർച്ചയാകും. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളും യോഗം വിലയിരുത്തിയേക്കും.
പി പി തങ്കച്ചന് വിട നൽകാൻ നാട്
മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചന് വിട നൽകാൻ നാട്. മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. രാവിലെ 11 മുതൽ വീട്ടിലാണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്. പ്രധാന നേതാക്കളെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിലാണ് സംസ്കാരം.