Fincat

രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ, നാട്ടിലേക്ക് പണം അയയ്ക്കാൻ നല്ല സമയം

അബുദാബി: രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 24.04 എന്ന നിരക്കാണ് വ്യാഴാഴ്ച ലഭിച്ചത്. ഓഗസ്റ്റ് 29നാണ് ചരിത്രത്തിൽ ആദ്യമായി ഒരു ദിർഹത്തിന് 24 രൂപ കടന്നത്.

ഈ മാസം 8ന് വിനിമയ നിരക്ക് 23.95ലേക്ക് താഴ്ന്നിരുന്നു. എന്നാൽ 9ന് തിരിച്ചെത്തി 24.02ലേക്ക് ഉയരുകയും 10ന് ഒരു പൈസ കൂടി വർധിച്ച് 24.03 രൂപയും വ്യാഴാഴ്ച വീണ്ടും ഒരു പൈസ ഉയർന്ന് 24.04 രൂപയും ആകുകയായിരുന്നു.

വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസയോളം ഇടിഞ്ഞു. രൂപയുടെ അടുത്തിടെയുള്ള ഏറ്റവും വലിയ ഇടിവാണിത്. രൂപയുടെ മൂല്യത്തിൽ ഇടിവുവന്നതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈത്ത് ദിനാർ കുതിച്ചുകയറി. എക്സി റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച രാവിലെ 289ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു കുവൈത്ത് ദിനാറിന് രേഖപ്പെടുത്തിയത്. അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. കുവൈത്ത്, യുഎഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ കറൻസികൾ ഉയർന്ന വിനിമയ നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഈ അവസരം പ്രയോജനപ്പെടുത്തി ഒട്ടേറെ പേർ നാട്ടിലേക്കു പണം അയച്ചു.