സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്ച ആരംഭിക്കും.
ജിദ്ദ: സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്ച (ജനുവരി 11) ആരംഭിക്കും. തുടക്കത്തിൽ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആഴ്ചയിൽ ഏഴ് സർവിസുകളായിരിക്കും ഉണ്ടാകുകയെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി.
റിയാദിൽ നിന്ന് ആഴ്ചയിൽ നാല് വിമാനങ്ങളും ജിദ്ദയിൽ നിന്ന് ആഴ്ചയിൽ മൂന്ന് വിമാനങ്ങളും സർവിസ് നടത്തും. ആദ്യ സർവിസ് തിങ്കാഴ്ച വൈകീട്ട് 4.40നാണ്. ഖത്തർ എയർവേസ് തിങ്കളാഴ്ച മുതൽ സൗദിയിലേക്ക് സർവിസ് ആരംഭിക്കും. തുടക്കം റിയാദിലേക്കായിരിക്കും. വ്യാഴാഴ്ച (ജനുവരി 14) ജിദ്ദയിലേക്കും ശനിയാഴ്ച (ജനുവരി 16) ദമ്മാമിലേക്കും വിമാനങ്ങളുണ്ടാകുമെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി.
ഉപരോധത്തെ തുടർന്ന് മൂന്നര വർഷത്തിലധികമായി ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവിസുകൾ നിർത്തിവെച്ചിട്ട്. കഴിഞ്ഞ തിങ്കളാഴ്ച അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിലാണ് ഉപരോധം നീക്കാനും പ്രവേശന കവാടങ്ങൾ തുറക്കാനും ധാരണയായത്. അൽഉല കരാർ ഒപ്പിട്ട തൊട്ടടുത്ത ദിവസം സൗദിയുടെ േവ്യാമ പാത ഖത്തർ എയർവേസിന് തുറന്നു കൊടുത്തിരുന്നു.
കരമാർഗമുള്ള ആളുകളുടെ വരവ് ശനിയാഴ്ച ആരംഭിച്ചിട്ടുണ്ട്. സാൽവ പ്രവേശന കവാടം ശനിയാഴ്ചയാണ് വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തത്. വരും ആഴ്ചകളിലായി ഇരുരാജ്യങ്ങൾക്കിടയിൽ കൂടുതൽ വിമാന സർവിസുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.