ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. പ്രയോഗിക പ്രശ്നം ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയെ ഒപ്പം നിർത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാനുള്ള ബില്ലും കൊണ്ട് വരും. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നട്ട് വളർത്തിയ ചന്ദനമരങ്ങൾ വനം വകുപ്പ് അനുമതിയോടെ വെട്ടാൻ അനുമതി നൽകുന്ന ബില്ലും മന്ത്രിസഭ ഇന്ന് അംഗീകരിക്കും. ബില്ലുകൾ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ശ്രമം.
പൊലിഞ്ഞത് നിരവധി ജീവനുകള്‍
കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകള്‍ അനുസരിച്ച്, കാട്ടാനയാക്രണത്തിൽ മാത്രം കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. 2016 മുതൽ 2023 വരെ മാത്രം കേരളത്തിൽ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായതായാണ് രേഖകൾ വ്യക്തമാക്കുന്നത്. 2016 മുതൽ 2024 വരെയുള്ള കണക്ക് അനുസരിച്ച് വന്യജീവി ആക്രമണത്തിൽ മരിച്ചത് 909 പേരാണ്. 2016ൽ 142 പേരാണ് കൊല്ലപ്പെട്ടത്. 2017 ൽ 110 പേരും 2018 ൽ 134 പേരും വന്യജീവി ആക്രമങ്ങളിൽ കൊല്ലപ്പെട്ടു. 2019 ൽ 100 പേർക്കാണ് ജീവൻ നഷ്ടമായത്. 2020 ൽ 100 പേർക്കാണ് വന്യജീവി ആക്രമങ്ങളിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. 2021ൽ 127 പേരും, 2022ൽ 111 പേരും, 2023 ൽ 85 പേരും കൊല്ലപ്പെട്ടു. ജനകീയ പ്രതിഷേധം ശമിപ്പിക്കാൻ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങൾ നൽകിയെങ്കിലും മിക്കതും പ്രാഥമിക ധന സഹായത്തിലൊതുങ്ങി.