Fincat

ബൗളര്‍മാര്‍ തിളങ്ങി, ബംഗ്ലാദേശിനെതിരേ ലങ്കയ്ക്ക് 140 റണ്‍സ് വിജയലക്ഷ്യം


ദുബായ്: ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ചാമ്ബ്യൻഷിപ്പില്‍ ഗ്രൂപ്പ് ബി മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ 140 റണ്‍സ് വിജയലക്ഷ്യമുയർത്തി ബംഗ്ലാദേശ്.ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. തകർച്ചയോടെയാണ് ടീം തുടങ്ങിയതെങ്കിലും നായകൻ ലിട്ടണ്‍ ദാസ്, ജേക്കർ അലി, ഷമിം ഹൊസ്സൈൻ എന്നിവർ ബംഗ്ലാദേശിനെ കരകയറ്റി.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ബംഗ്ലാദേശിന് റണ്‍ കണ്ടെത്തും മുമ്ബേ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ രണ്ടോവറില്‍ ഒരു റണ്‍ പോലും ടീമിന് നേടാനായില്ല. ആദ്യ ഓവറിലെ അവസാനപന്തിലാണ് ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. നുവാൻ തുഷാര എറിഞ്ഞ ഓവറിലെ ആദ്യ അഞ്ച് പന്തിലും ബംഗ്ലാദേശ് ബാറ്റർ തൻസിദ് ഹസന് റണ്‍ നേടാനായില്ല. പിന്നാലെ അവസാനപന്തില്‍ താരം ബൗള്‍ഡാകുകയും ചെയ്തു. ദുഷ്മാന്ദ ചമീര എറിഞ്ഞ രണ്ടാം ഓവറില്‍ പർവേസ് ഹൊസ്സൈനും റണ്ണൊന്നുമെടുക്കാതെ മടങ്ങി.
പിന്നാലെ എട്ട് റണ്‍സെടുത്ത തൗഹിദ് ഹൃദോയ് റണ്ണൗട്ടായി. അതോടെ ടീം 11-3 എന്ന നിലയിലായി. നായകൻ ലിട്ടണ്‍ ദാസ് 28 റണ്‍സുമായി ടീമിനെ അമ്ബത് കടത്തി. ആറാം വിക്കറ്റില്‍ ഒന്നിച്ച ജേക്കർ അലിയും ഷമിം ഹൊസ്സൈനുമാണ് പിന്നീട് ടീമിന് തുണയായത്. ഇരുവരും ലങ്കൻ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ടു. അടിച്ചുകളിക്കാനായില്ലെങ്കിലും സ്കോർ ഉയർത്താൻ ഈ കൂട്ടുകെട്ടിനായി. ജേക്കർ അലി 41 റണ്‍സും ഷമിം ഹൊസ്സൈൻ 42 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. ലങ്കയ്ക്കായി വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റെടുത്തു.