Fincat

59-കാരൻ വാഹനമിടിച്ച്‌ മരിച്ച സംഭവം; എസ്‌എച്ച്‌ഒയ്ക്ക് സസ്‌പെൻഷൻ, ശുപാര്‍ശ നല്‍കി


തിരുവനന്തപുരം: കിളിമാനൂരില്‍ 59-കാരൻ കാർ ഇടിച്ച്‌ മരിച്ച സംഭവത്തില്‍ പാറശ്ശാല പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ അനില്‍കുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ.അനില്‍കുമാർ ഓടിച്ച വാഹനമിടിച്ചാണ് ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജൻ മരിച്ചത്. വിഷയത്തില്‍ റൂറല്‍ എസ്പി, ദക്ഷിണമേഖലാ ഐജിക്ക് റിപ്പോർട്ട് നല്‍കി. അനില്‍കുമാറിന്റെ ഭാഗത്തുനിന്ന് പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.

വാഹനം ഇടിച്ച്‌ ഒരാള്‍ വീഴുന്നത് കണ്ടിട്ടും നിർത്താതെ പോയത് ഗുരുതരമായ കുറ്റകൃത്യമായാണ് വിലയിരുത്തുന്നത്. ഒരു പോലീസുകാരന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു വീഴ്ചയുണ്ടായത് നിസ്സാരമായി കാണാനാകില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷന് ശുപാർശ ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ ഏഴാം തീയതിയാണ് നടപടിക്ക് ആധാരമായ സംഭവം നടന്നത്. കിളിമാനൂർ പോലീസ് സ്റ്റേഷന് സമീപം റോഡിലൂടെ നടന്നുപോകുകയായിരുന്നു രാജൻ. പുലർച്ചെ 5.30 -ഓടെയാണ് അപകടമുണ്ടായത്. രാജനെ കാർ ഇടിച്ച്‌ തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ക്കിടന്ന രാജനെ കിളിമാനൂർ പോലീസാണ് കേശവപുരം ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം അനില്‍കുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.