Fincat

എം.എൻ. കാരശ്ശേരിയെ സന്ദര്‍ശിച്ച്‌ പ്രിയങ്കാ ഗാന്ധി എംപി


കോഴിക്കോട്: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ എം.എൻ. കാരശ്ശേരിയെ വീട്ടിലെത്തി സന്ദർശിച്ച്‌ വയനാട് എംപി പ്രിയങ്ക ഗാന്ധി.കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാർ ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ എംപിയെ എംഎൻ കാരശ്ശേരിയും ഭാര്യ ബദീജയും ചേർന്നു ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. 40 മിനിട്ടോളം അവരുടെ കുടുംബത്തോടൊപ്പം പ്രിയങ്കാ ഗാന്ധി ചിലവഴിച്ചു. കുടുംബത്തോടൊപ്പം ഫോട്ടോയും എടുത്താണ് എംപി മടങ്ങിയത്.

പ്രിയങ്ക ഗാന്ധി വീട്ടില്‍ വന്നതില്‍ സന്തോഷമുണ്ടെന്ന് എംഎൻ കാരശ്ശേരി പറഞ്ഞു. സാംസ്കാരിക രംഗത്ത് കോണ്‍ഗ്രസ് വളരെ പിന്നിലാണ്. മര്യാദക്ക് ഒരു ചാനല്‍ നടത്താനോ ഒരു പത്രം നടത്താനോ ഒരു പ്രസിദ്ധീകരണശാല നടത്താനോ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. സാഹിത്യം, സിനിമ, ചിത്രകല തുടങ്ങിയ രംഗങ്ങളിലെ ആളുകളെ ശ്രദ്ധിക്കുന്ന ഒരു പണി കോണ്‍ഗ്രസിന് ഇല്ല. അതുകൊണ്ട് കോണ്‍ഗ്രസിന്റെ സാംസ്കാരിക രംഗം ശക്തിപ്പെടുത്തണമെന്നും കാരശ്ശേരി പറഞ്ഞു.

സ്ത്രീപുരുഷ സമത്വത്തില്‍ കേരളം വളരെ പിന്നിലാണെന്നും ദളിതരോടും ആദിവാസികളോടും ഉള്ള മനോഭാവം വളരെ മോശമാണെന്നും പ്രകൃതിയുടെ കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കുന്നില്ലെന്നുമുള്ള കാര്യങ്ങള്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും കാരശ്ശേരി പറഞ്ഞു.