Fincat

പാകിസ്താനെ കീഴടക്കി ഇന്ത്യ; നീലപ്പടയ്ക്ക് ഏഴ് വിക്കറ്റ് ജയം

ഏഷ്യാ കപ്പിൽ‌ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. 128 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. 16-ാം ഓവറിലാണ് ഇന്ത്യ വിജലക്ഷ്യം മറികടന്നത്. നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 47 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഒരു സിക്സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്. പാകിസ്താനായി സായിം അയുബ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

തുടക്കത്തിൽ ശുഭ്മാൻ ​ഗില്ലിനെ(10) നഷ്ടപ്പെട്ടെങ്കിലും പ്രതിരോധത്തിലേക്ക് നീങ്ങാതെ ടീമിനെ നയിച്ചത് അഭിഷേക് ശർമയായിരുന്നു. 13 പന്തിൽ 2 സിക്സും 4 ഫോറും അടക്കം 31 റൺസ് നേടി ടീ സ്കോർ ഉയർത്തി. ​അഭിഷേക് ശർമ പുറത്തായതിന് പിന്നാലെയെത്തിയ തിലക് വർമ സൂര്യകുമാർ യാദവിന് മികച്ച പിന്തുണ നൽകി. 31 പന്തിൽ നിന്ന് 31 റൺസെടുത്താണ് തിലക് വർമ പുറത്തായത്. ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ സ്ഥാനം ഉറപ്പിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് ബാറ്റിങ് തകർച്ചയായിരുന്നു നേരിട്ടത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടാനേ പാകിസ്താന് കഴിഞ്ഞുള്ളൂ. ടോസ് നേടിയ പാകിസ്താന് തുടക്കം മുതൽ‌ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. 40 റൺസ് നേടിയ സാഹിബ്‌സാദ ഫർഹാൻ ആണ് പാകിസ്താന്റെ ടോപ് സ്കോറർ. പുറത്താക്കാതെ 33 റൺസ് എടുത്ത ഷഹീൻ അഫ്രിദിയും തിളങ്ങി. മൂന്ന് വിക്കറ്റ് നേടി കുൽദീപ് യാദവ് തിളങ്ങിയപ്പോൾ ബുമ്ര, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.