Fincat

ഖത്തറിന് ഐക്യദാർഢ്യം, ഇറാൻ വിദേശകാര്യമന്ത്രി ദോഹയിൽ, ഇസ്രയേലിനെതിരായ നീക്കം ശക്തമാക്കാൻ മുസ്ലിം, അറബ് രാജ്യങ്ങൾ

ദോഹ : ഇസ്രയേലിനെതിരെ സ്വരം കടുപ്പിക്കുന്നത് ലക്ഷ്യമിട്ട് ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ ഉച്ചകോടിയിൽ ഇറാൻ പങ്കെടുക്കും. ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ദോഹയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തി. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇറാൻ ഖത്തറിലെ അമേരിക്കൻ വ്യോമ താവളം ആക്രമിച്ചിരുന്നു. ഹമാസുമായി മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. മധ്യസ്ഥ ശ്രമങ്ങൾ തടയാൻ ആക്രമങ്ങൾക്ക് കഴിയില്ലെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഈജിപ്‌തും അമേരിക്കയുമായി ചേർന്ന് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഉള്ള ശ്രമം തുടരുമെന്നും ഖത്തർ സ്ഥിരീകരിച്ചു.

ദോഹയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി, ഖത്തർ പ്രധാനമന്ത്രിയുമായി സംസാരിച്ചു. യോഗത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചം അവലോകനം ചെയ്തു. കൂടിക്കാഴ്ചയിൽ, ഖത്തറിൻ്റെ സുരക്ഷ സംരക്ഷിക്കുന്നതിനും പരമാധികാരം നിലനിർത്തുന്നതിനും ഇസ്രായേലിന്റെ അതിക്രമത്തിനെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഖത്തറിനോടുള്ള തൻ്റെ രാജ്യത്തിൻ്റെ ഐക്യദാർഢ്യം ഇറാൻ വിദേശകാര്യ മന്ത്രി ആവർത്തിച്ചു. ഈ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഖത്തറിൻ്റെയും മേഖലയിലെ രാജ്യങ്ങളുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലോകരാജ്യങ്ങൾ ഇരട്ട നിലപാട് സ്വീകരിക്കരുത്
ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിലെ പ്രതികരണങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി. ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായുള്ള യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഇസ്രയേലിനെ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.