പാലിന് കര്‍ഷകന് ലഭിക്കുന്നത് 40 രൂപ, 56 രൂപയ്ക്ക് മറിച്ചുവിറ്റ് ക്ഷീരസംഘങ്ങള്‍, മില്‍മയ്ക്ക് നല്‍കാൻ പാലില്ല
അടിമാലി: ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന കർഷകർക്ക് ഉത്പാദന ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നു.പാല്‍ വില 70 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കർഷകർ ഫെഡറേഷനു മുൻപില്‍ പാല്‍ ഒഴുക്കിക്കളഞ്ഞ് പ്രതിഷേധ സമരം നടത്താൻ സൊസൈറ്റി. സംഘങ്ങള്‍ പാല്‍ മില്‍മയ്ക്ക് നല്‍കാതെ മറിച്ചുവിറ്റ് വലിയ തുക സമ്ബാദിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. തങ്ങള്‍ക്ക് പാലിന് 50 രൂപയെങ്കിലും കിട്ടണമെന്ന ആവശ്യവുമായാണ് ക്ഷീരകർഷകർ രംഗത്തെത്തിയിരിക്കുന്നത്.
കർഷകർക്ക് കഷ്ടം
ക്ഷീരകർഷകർക്ക് സംഘങ്ങള്‍ 39 രൂപ മുതല്‍ 42 രൂപ വരെയാണ് ഒരു ലിറ്റർ പാലിന് നല്‍കുന്നത്. ഇതിനുപുറമേ ‘സാമ്ബിള്‍’ എന്ന പേരില്‍ 50 മില്ലിലിറ്റർ പാലും കർഷകരില്‍നിന്നും വാങ്ങും. ഫാറ്റ്, കൊഴുപ്പ് കുറവാണെന്ന പേരില്‍ കർഷകർക്ക് ശരാശരി ലഭിക്കുന്നത് 40 രൂപയാണ്. നല്ല കൊഴുപ്പുള്ള പാലിന് ചില കർഷകർക്ക് 42 രൂപയും ലഭിക്കും. സംഘങ്ങള്‍ ഈ പാല്‍ അപ്പോള്‍ തന്നെ 56 രൂപയ്ക്ക് മറിച്ചുവില്‍ക്കും. മറിച്ചുവില്‍ക്കുമ്ബോള്‍ ഫാറ്റ്, കൊഴുപ്പ് എന്നിവ ബാധകമല്ല. ഒരു ലിറ്റർ പാലിന് 16 രൂപയാണ് സംഘങ്ങള്‍ക്ക് ലാഭമായി ലഭിക്കുന്നത്. എന്നാല്‍ ഈ ലാഭവീതം പോലും കർഷകർക്ക് ലഭിക്കുന്നില്ല.
മില്‍മയ്ക്ക് നല്‍കാൻ പാലില്ല
മില്‍മയ്ക്ക് നല്‍കുന്ന പാലിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംഘങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഈ ആനുകൂല്യങ്ങളാണ് കർഷകർക്ക് ലഭിക്കുന്നത്. എന്നാല്‍, ക്ഷീരസംഘങ്ങള്‍ കർഷകരുടെ പാല്‍ മറിച്ചുവിറ്റ് അമിത ലാഭം ഈടാക്കുമ്ബോള്‍ മില്‍മയ്ക്ക് നല്‍കാൻ പല സംഘങ്ങള്‍ക്കും പാല്‍ ഉണ്ടാവില്ല. ഇതുമൂലം ഓരോ വർഷവും സംഘങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും വളരെ കുറവായിരിക്കും.
ഇത് ബാധിക്കുന്നത് ക്ഷീരകർഷകരെയാണ്. ഇതാണ് കർഷകർ പ്രതിഷേധവുമായി രംഗത്ത് വരാൻ കാരണം. തങ്ങള്‍ നല്‍കുന്ന പാലിന് 50 രൂപയെങ്കിലും ലഭിക്കണമെന്നാണ് ക്ഷീരകർഷകർ പറയുന്നത്. 52 രൂപയ്ക്കാണ് പാല്‍ ചില്ലറയായി വില്‍ക്കാൻ സംഘങ്ങള്‍ക്ക് സർക്കാർ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇതിനേക്കാള്‍ ഉയർന്ന വിലയ്ക്കാണ് സംഘങ്ങള്‍ പാല്‍ മറിച്ചുവില്‍ക്കുന്നത്. ജീവനക്കാർക്ക് ശമ്ബളം നല്‍കാനും കെട്ടിടത്തിന് വാടക നല്‍കാനുമാണ് ഇത്രയും ഉയർന്ന വിലയ്ക്ക് പാല്‍ വില്‍ക്കുന്നതെന്നാണ് സംഘങ്ങള്‍ പറയുന്നത്.
പുതിയ പദ്ധതികളില്ല
ക്ഷീര കർഷകർക്ക് താങ്ങായി പുതിയ പദ്ധതികള്‍ ഇല്ലാതെ വന്നതോടെ കർഷകർ ക്ഷീരമേഖലയെ കൈവിടുകയാണ്. ഇതോടെ പാല്‍ ഉത്പാദനം കുറഞ്ഞു. ജില്ലയില്‍ മില്‍മയുടെ കീഴില്‍ 209 സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വർഷം തുടക്കത്തില്‍ 186 സംഘങ്ങള്‍ കർഷകരില്‍നിന്നും പാല്‍ ശേഖരിച്ചിരുന്നെങ്കിലും ഇപ്പോള്‍ 171 സംഘങ്ങളായി കുറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിച്ചിരുന്ന ജില്ല ഇടുക്കിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ നാലാം സ്ഥാനത്തായി. കർഷകർക്ക് സർക്കാർ നല്‍കിയിരുന്ന അനുകൂല്യങ്ങള്‍ പിൻവലിച്ചതും ഇൻസെന്റീവ് ലഭിക്കാതെവന്നതും പ്രതിസന്ധിക്ക് കാരണമാകുന്നു.
ഇപ്പോള്‍ 50 കിലോ കാലിത്തീറ്റയ്ക്ക് 1500 രൂപയ്ക്ക് മുകളിലാണ് വില. ഇതും കർഷകർക്ക് തിരിച്ചടിയായി.