പാകിസ്ഥാൻ ദേശീയ ഗാനത്തിന് പകരം ‘ജലേബി ബേബി’; അന്തംവിട്ട് പാക് താരങ്ങൾ
ഏഷ്യാ കപ്പിൽ ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഒരു സംഭവമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മത്സരത്തിന് മുമ്പ് രണ്ട് ടീമുകളും ദേശീയ ഗാനത്തിനായി അണിനിരന്നപ്പോൾ പാക്കിസ്ഥാന്റെ ദേശീയ ഗാനത്തിനു പകരം ഡിജെ അബദ്ധത്തിൽ പ്ലേ ചെയ്തത് ഒരു പോപ്പ് ഗാനമായിരുന്നു. അബദ്ധം മനസിലാക്കിയ സംഘാടകർ ദേശീയ ഗാനം പ്ലേ ചെയ്ത് തെറ്റ് തിരുത്തിയെങ്കിലും സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായി.
ദേശീയ ഗാനത്തിനായി പാക് താരങ്ങക്ൾ നെഞ്ചിൽ കൈവച്ചു നിന്നപ്പോൾ കേട്ടത് ‘ജലേബി ബേബി’യെന്ന ആൽബം ഗാനമാണ്.ദേശീയ ഗാനത്തിന് പകരം മറ്റൊരു ഗാനം കേട്ട പാക് കളിക്കാർ ആശയക്കുഴപ്പത്തിലായി നിൽക്കുന്നതും വീഡിയോയിലുണ്ട്. ഏതായാലും മത്സരത്തിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ദേശീയ ഗാന വിവാദവും വൈറലായതോടെ ആകെ നാണക്കേലായിരിക്കകയാണ് പാക് ടീം.പാക്ക് മന്ത്രി മൊഹ്‍സിൻ നഖ്‍വി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനായിരിക്കുമ്പോൾ ഇത്തരമൊരു വലിയ അബദ്ധം സംഭവിച്ചത് പാക്ക് ക്രിക്കറ്റ് ടീമിനും ആരാധകർക്കും നാണക്കേടായിരിക്കുകയാണ്.
മത്സരത്തിൽ 25 പന്തുകൾ ബാക്കി നിൽക്കെ 7 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.13 പന്തിൽ നിന്ന് 31 റൺസ് നേടിയ അഭിഷേക് ശർമയും 37 പന്തിൽ നിന്ന് പുറത്താകാതെ 47 റൺസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായിരുന്നു 128 റൺസ് വജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.സിക്സടിച്ച് കളി അവസാനിപ്പിച്ച സൂര്യകുമാർ, പാക് കളിക്കാർക്ക് ഹസ്തദാനം നല്‍കാതെയാണ് ഡഗൗട്ടിലേക്ക് മടങ്ങിയത്.