Fincat

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു


കൊട്ടാരക്കര: വിലങ്ങറ പിണറ്റിൻമൂട് മൂന്നു വയസ്സുകാരൻ കിണറ്റില്‍ വീണ് മരിച്ചു. പിണറ്റിൻമൂട് തെറ്റിക്കുന്നില്‍ വീട്ടില്‍ ധന്യയുടെയും ബൈജുവിന്റെയും ഇളയമകൻ ദിലൻ ബൈജുവാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.

താമസിക്കുന്ന വാടക വീടിനു സമീപത്തുള്ള കുടുംബ വീട്ടിലെ വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ദിലൻ കാല്‍ വഴുതി മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാസേനയെത്തി കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു.

മൂത്തമകൻ ദിയാനെ സ്കൂളിലാക്കിയേഷമാണ് ധന്യ ദിലനെയും കൂട്ടി അമ്മ താമസിക്കുന്ന വീട്ടിലെത്തിയത്. ഇരുവരും സംസാരിച്ചു നില്‍ക്കുന്നതിനിടെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ദിലൻ കിണറ്റില്‍ വീഴുകയായിരുന്നു. അച്ഛൻ ബൈജു വിദേശത്താണ്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.