Fincat

ഏറ്റവും മൈലേജുള്ള SUV; വിക്ടോറിസിന്റെ വില പ്രഖ്യാപിച്ച്‌ മാരുതി, സേഫ്റ്റിയിലും ഡബ്ബിള്‍ സ്‌ട്രോങ്


മിഡ് സൈസ് എസ്യുവി വിപണിയില്‍ മേധാവിത്വം ഉറപ്പാക്കുന്നതിനായി ഈ ശ്രേണിയിലേക്ക് മാരുതി സുസുക്കി എത്തിച്ചിരിക്കുന്ന രണ്ടാമത്തെ മോഡലാണ് വിക്ടോറിസ്.സെപ്റ്റംബർ മൂന്നിന് ഇന്ത്യയില്‍ അവതരിപ്പിച്ച ഈ വാഹനത്തിന്റെ വിലയും നിർമാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. 10.5 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. മാരുതി സുസുക്കി അരീന ഡീലർഷിപ്പുകളിലൂടെ വില്‍പ്പനയ്ക്ക് എത്തുന്ന വിക്ടോറിസിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
LXI, VXI, ZXI, ZXI(O), ZXI+,ZXI+(O) എന്നീ ആറ് വേരിയന്റുകളിലാണ് വിക്ടോറിസ് വിപണിയില്‍ എത്തുന്നത്. 1.5 ലിറ്റർ എൻജിൻ മൈല്‍ഡ് ഹൈബ്രിഡ് മാനുല്‍ മോഡലുകള്‍ക്ക് 10.5 ലക്ഷം രൂപ മുതല്‍ 15.82 ലക്ഷം രൂപ വരെയും, ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 13.36 ലക്ഷം രൂപ മുതല്‍ 17.77 ലക്ഷം രൂപ വരെയും രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഓട്ടോമാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് പതിപ്പിന് 18.64 ലക്ഷവും 19.22 ലക്ഷം രൂപയും സ്ട്രോങ് ഹൈബ്രിഡ് മോഡലുകള്‍ക്ക് 16.38 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയും സിഎൻജി പതിപ്പിന് 11.5 ലക്ഷം രൂപ മുതല്‍ 14.57 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
ഇന്ത്യയിലെ മിഡ്സൈസ് എസ്യുവികളില്‍ ഏറ്റവും ഉയർന്ന ഇന്ധനക്ഷമത നല്‍കുന്ന വാഹനമായിരിക്കും വിക്ടോറിസ്. 28.56 കിലോമീറ്ററാണ് സ്ട്രോങ് ഹൈബ്രിഡ് മോഡലിന് ലഭിക്കുന്ന ഇന്ധനക്ഷമത. സിഎൻജി പതിപ്പിന് ഒരു കിലോഗ്രാം സിഎൻജിയില്‍ 27.02 കിലോമീറ്റർ ഓടാൻ സാധിക്കും. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എൻജിൻ മാനുവല്‍ ട്രാൻസ്മിഷൻ മോഡല്‍ 21.18 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡല്‍ 21.06 കിലോമീറ്ററും ഓള്‍ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് 19.07 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഉറപ്പാക്കുന്നത്.

ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്ഫോമില്‍ നിർമിച്ചിരിക്കുന്ന വിക്ടോറിസിന് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, സ്ട്രോങ്ങ്-ഹൈബ്രിഡ്, സിഎൻജി ഓപ്ഷനുകളിലാണ് എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളോടു കൂടിയ 1.5 ലിറ്റർ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എൻജിൻ 103 ബിഎച്ച്‌പി പവറും 139 എൻഎം ടോർക്കും നല്‍കും. സ്ട്രോങ്ങ്-ഹൈബ്രിഡ് 1.5-ലിറ്റർ പെട്രോള്‍ യൂണിറ്റ് 116 ബിഎച്ച്‌പി പവറും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇ-സിവിടിയാണ് ഇതിലെ ട്രാൻസ്മിഷൻ. സിഎൻജി വേരിയന്റ് 87 ബിഎച്ച്‌പി കരുത്തും 121 എൻഎം ടോർക്കുമാണ് നല്‍കുക. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാൻസ്മിഷൻ ഒരുക്കുന്നത്.
ഭാരത് എൻക്യാപ്, ഗ്ലോബല്‍ എൻക്യാപ് സുരക്ഷാ റേറ്റിങ്ങില്‍ 5-സ്റ്റാർ നേടിയ ഈ വാഹനം, മുതിർന്നവരുടെ സുരക്ഷയ്ക്ക് 32-ല്‍ 31.66 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49-ല്‍ 43 പോയിന്റുമാണ് ഭാരത് എൻക്യാപില്‍ കരസ്ഥമാക്കിയത്. ആറ് എയർബാഗുകള്‍, ലെവല്‍ 2 ADAS, ഇലക്‌ട്രോണിക് പാർക്കിങ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ഓള്‍-വീല്‍ ഡിസ്ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. വളവുകളില്‍ വേഗത കുറയ്ക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ഹൈ-ബീം അസിസ്റ്റ് എന്നിവ ADAS സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു.

സാങ്കേതികവിദ്യ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രീമിയം ഫീച്ചറുകളാല്‍ സമ്ബന്നമാണ് വിക്ടോറിസിന്റെ ഉള്‍വശം. 10.25-ഇഞ്ച് ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 35-ല്‍ അധികം ആപ്പുകളുള്ള ഫ്ലോട്ടിങ് ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 60-ല്‍ അധികം കണക്റ്റഡ് കാർ ഫീച്ചറുകളുള്ള പുതിയ തലമുറ സുസുക്കി കണക്റ്റ് ഡോള്‍ബി അറ്റ്മോസ് സപ്പോർട്ടുള്ള ഇൻഫിനിറ്റി ബൈ ഹർമൻ 8-സ്പീക്കർ സിസ്റ്റം, പനോരമിക് സണ്‍റൂഫ് ജെസ്റ്റർ കണ്‍ട്രോളോടു കൂടിയ സ്മാർട്ട് പവേർഡ് ടെയില്‍ഗേറ്റ്, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്, എട്ട് രീതികളില്‍ ക്രമീകരിക്കാവുന്ന പവേർഡ് വെന്റിലേറ്റഡ് ഡ്രൈവർ സീറ്റ്, PM 2.5 എയർ പ്യൂരിഫയർ, അലക്സ വോയിസ് കമാൻഡ് ഇന്റഗ്രേഷൻ എന്നിവ പ്രധാന ഫീച്ചറുകളാണ്.
10 വ്യത്യസ്ത എക്സ്റ്റീരിയർ നിറങ്ങളില്‍ വാഹനം ലഭ്യമാകും. ക്രോം സ്ട്രിപ്പ് ഉപയോഗിച്ച്‌ ബന്ധിപ്പിച്ച എല്‍ഇഡി ഡിആർഎല്ലുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, സ്ക്വയർ ആകൃതിയിലുള്ള വീല്‍ ആർച്ചുകള്‍, റൂഫ് റെയിലുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍-ലാമ്ബ് ഡിസൈൻ എന്നിവ വാഹനത്തിന്റെ ആകർഷകമായ സ്റ്റൈലിങ്ങിന് മാറ്റുകൂട്ടുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റർ, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്കോഡ കുഷാക് തുടങ്ങിയ വാഹനങ്ങളുമായാണ് മാരുതിയുടെ ഈ വാഹനം മത്സരിക്കുന്നത്.