ഒമാനെ തകര്‍ത്ത് യുഎഇ; സൂപ്പര്‍ ഫോര്‍ ഉറപ്പിച്ച് ഇന്ത്യ, ടൂര്‍ണമെന്റില്‍ യോഗ്യതനേടുന്ന ആദ്യ ടീം
ദുബായ്: ഏഷ്യാ കപ്പില്‍ ഒമാനെ തകർത്ത് യുഎഇ. 42 റണ്‍സിനാണ് യുഎഇയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത യുഎഇ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്, 130 റണ്‍സിനിടെ എല്ലാവരെയും നഷ്ടമായി. നാലുവിക്കറ്റുകള്‍ വീഴ്ത്തിയ ജുനൈദ് സിദ്ദിഖാണ് ഒമാന്റെ ബാറ്റിങ് മുനയൊടിച്ചത്. ഒമാൻ പരാജയപ്പെട്ടതോടെ ഇന്ത്യ സൂപ്പർ ഫോർ ഉറപ്പിച്ചു. ടൂർണമെന്റില്‍ സൂപ്പർ ഫോറിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ.
ആദ്യം ബാറ്റുചെയ്ത യുഎഇക്കായി ഓപ്പണർമാരായ അലിഷാൻ ഷറഫുവും (38 പന്തില്‍ 51) ക്യാപ്റ്റൻ മുഹമ്മദ് വസീമും (54 പന്തില്‍ 69) മികച്ച തുടക്കം നല്‍കി. ഇരുവരും 11 ഓവറില്‍ 88 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. അവസാന ഓവറില്‍ റണ്ണൗട്ടായി പുറത്താകുംവരെ ക്യാപ്റ്റൻ വസീം ക്രീസില്‍ തുടർന്നു. മുഹമ്മദ് സുഹൈബ് (21), ഹർഷിത് കൗശിക് (19) എന്നിവരും യുഎഇക്കായി രണ്ടക്കം തികച്ചു. ഒമാനായി ജിതിൻ രാമനന്ദി രണ്ടുവിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്, ആദ്യ അഞ്ചോവറിനിടെത്തന്നെ നാലുപേരെ നഷ്ടപ്പെട്ടു. ജുനൈദ് സിദ്ദിഖാണ് ഓപ്പണർമാർ ഇരുവരെയും പുറത്താക്കിയത്. 24 റണ്‍സ് നേടിയ ആര്യൻ ബിഷ്ട് ആണ് ടോപ് സ്കോറർ. ഓപ്പണർ ജതീന്ദർ സിങ് (20), വിക്കറ്റ് കീപ്പർ വിനായക് ശുക്ല (20), ജിതിൻ രാമനന്ദി (13) എന്നിവർ രണ്ടക്കം നേടി. യുഎഇക്കായി ഹൈദർ അലി, മുഹമ്മദ് ജവാദുല്ലാഹ് എന്നിവർ രണ്ടുവീതം വിക്കറ്റുകള്‍ നേടി. നാലോവറില്‍ 23 റണ്‍സ് വഴങ്ങിയാണ് ജുനൈദ് സിദ്ദിഖിന്റെ നാലുവിക്കറ്റ് നേട്ടം.