Fincat

പാകിസ്ഥാനെതിരായ മത്സരം കാണുന്നതിനെക്കാള്‍ നല്ലത് ഇന്ത്യ-അഫ്ഗാന്‍ മത്സരം കാണുന്നത്, തുറന്നു പറഞ്ഞ് ഗാംഗുലി

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി. പാകിസ്ഥാന്‍ ഇന്ത്യക്ക് എതിരാളികളേയല്ലെന്നും ഏകപക്ഷീയമാണ് ഇന്ത്യ മത്സരം ജയിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. പ്രതിപക്ഷ ബഹുമാനത്തോടെ തന്നെ പറയട്ടെ പാകിസ്ഥാന്‍ ഇന്ത്യക്കൊരു എതിരാളികളേയല്ല, പാകിസ്ഥാന്‍ പോയിട്ട് ഏഷ്യാ കപ്പില്‍ കളിക്കുന്ന മറ്റ് ടീമുകളും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരല്ല. ടി20 ക്രിക്കറ്റില്‍ ഒന്നോ രണ്ടോ തവണ ചിലപ്പോള്‍ ഇന്ത്യ തോല്‍പ്പിക്കപ്പെട്ടേക്കാം. പക്ഷെ ഭൂരിഭാഗം മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കണ്ട് എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. സത്യം പറഞ്ഞാല്‍ ആദ്യ 15 ഓവര്‍ കഴിഞ്ഞപ്പോഴെ ഞാന്‍ കളി കാണുന്നത് നിര്‍ത്തി. എന്നിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മത്സരം കണ്ടു. കാരണം, ഇന്ത്യയും പാകിസ്ഥാനും മത്സരിക്കുമ്പോള്‍ അവിടെ തുല്യപോരാട്ടമില്ല. വഖാര്‍ യൂനിസും വിസീം അക്രവും സയ്യീദ് അന്‍വറും ജാവേദ് മിയാന്‍ദാദും എല്ലാം അടങ്ങുന്ന പാകിസ്ഥാന്‍ ടീമിനെയാണ് എനിക്കോര്‍മ വരുന്നത്. അവരുടെ എഴയലത്തുപോലും ഇല്ലാത്ത ടീമാണ് പാകിസ്ഥാന് ഇപ്പോഴുള്ളത്.

അതുകൊണ്ട് തന്നെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണുന്നതിനെക്കാള്‍ ഞാന്‍ ഇന്ത്യ-ഓസ്ട്രേലിയ, ഇന്ത്യ-ദക്ഷിണാഫ്രിക്ക അല്ലെങ്കില്‍ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, അതൊന്നുമല്ലെങ്കില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരമാണെങ്കില്‍ പോലും ഞാന്‍ കാണും. കാരണം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം തുല്യശക്തികളുടെ പോരാട്ടം പോലുമാണെന്ന് എനിക്ക് തോന്നുന്നില്ല. മത്സരത്തിന് മുമ്പ് വെറുതെ ഹൈപ്പ് കൊടുക്കുകയാണ്. കഴി‍ഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഹൈപ്പ് കൊടുത്തിട്ടും ഒരു പോരാട്ടം പോലും പാകിസ്ഥാന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഏകപക്ഷീയമായ വിജയങ്ങളാണ് ഇന്ത്യ നേടിയതെല്ലാം-ഗാംഗുലി പറഞ്ഞു.
ഇന്ത്യയുടെ ആധികാരിക ജയം
ഏഷ്യാ കപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.