പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതി നല്‍കാതെ ഹൈക്കോടി
പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതി നല്‍കാതെ ഹൈക്കോടി. ഇടക്കാല ഗതാഗത കമ്മറ്റിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന്ചുണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് ദേശീയ പാതയിലെ പ്രശ്നം നിസാരമായി കാണരുതെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും വ്യക്തമാക്കി. പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് നിര്‍ദേശിച്ച കോടതി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റി. ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ തൃശ്ശൂര്‍ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്നും വ്യക്തയില്ലെന്നുമായിരുനനു ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ കോടതി പറഞ്ഞത്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നത്തെ ഇത്ര നിസാരമായാണോ കാണാന്നുതെന്നും ഹൈക്കോടതി ചോദിച്ചു.
ദേശീയ പാതയിലെ പതിനെട്ട് ഇടങ്ങളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയെന്നും ഇതില്‍ പതിമൂന്നെണ്ണവും ഏറെക്കുറെ പരിഹരിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. ബാക്കി അഞ്ചിടങ്ങളില്‍ പ്രശ്നം അതേപടി തുടരുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, പരിഹരിച്ചതെങ്ങനെയെന്നോ എന്തൊക്കെ ചെയ്തുവെന്നോ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ഇങ്ങനെയല്ല വിഷയം കൈകാര്യം ചെയ്യേണ്ടെതന്നും കോടതി വിമര്‍ശിച്ചു. ജനങ്ങളെ ഇനിയും പരീക്ഷിക്കരുത്. ദേശീയ പാത അതോറിറ്റിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കണമെന്ന് കോടതി ഉദ്ദേശിക്കുന്നില്ല. ആത്യന്തികമായി ജനങ്ങളുടെ പ്രശ്നത്തിനാണ് പരിഗണനയെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ട കോടതി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.