യെമനിലേക്ക് വീണ്ടും ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണം
യെമനിലേക്ക് വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി ഇസ്രയേല്‍. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ചെങ്കടലില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം നടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണം. ഇസ്രയേല്‍ തുടര്‍ച്ചയായി യെമനിലേക്ക് നടത്തി വരുന്ന ആക്രമണങ്ങളില്‍ ഒരു ഡസനോളം പേര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിക്കുന്നത്. ഇസ്രയേല്‍ സൈന്യം 12 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി എക്‌സില്‍ കുറിച്ചു. ഇറാനില്‍ നിന്ന് ഹൊദെയ്ദ തുറമുഖം വഴി ഹൂതികള്‍ക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും ലഭിക്കുന്നുവെന്നും അതിനാലാണ് തുറമുഖം ലക്ഷ്യംവച്ച് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ അറിയിച്ചു.
ഭീകരവാദികളായ ഹൂതികള്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ ഇനിയും അനുഭവിക്കേണ്ടി വരുമെന്നും കനത്ത വിലയായിരിക്കും അവര്‍ക്ക് ഒടുക്കേണ്ടി വരികയെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി ആക്രമണത്തിന് ശേഷം എക്‌സില്‍ കുറിച്ചു. അതേസമയം ഇസ്രായേലി യുദ്ധവിമാനങ്ങളെ ഫലപ്രദമായി തുരത്താന്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞതായി യഹ്യ സാരി തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പില്‍ സന്ദേശമയച്ചെങ്കിലും ഇതിന് മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ല.