Fincat

ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്


കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലൻസ് എസ്.പി.അന്വേഷിക്കും. കേസ് ബുധനാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച്‌ കോടതി സംശയങ്ങളുന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പട്ട് മുഴുവൻ രേഖകളും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ബുധനാഴ്ച പരിശോധിച്ചതിനുശേഷമാണ് കോടതി ചോദ്യങ്ങളുയർത്തിയത്. 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെത്തിച്ചപ്പോള്‍ 38 കിലോ ആയി കുറഞ്ഞു. ഇക്കാര്യം ദേവസ്വം വിജിലൻസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരോ ബന്ധപ്പെട്ടവരോ ഇക്കാര്യം ഇതുവരെ എന്തുകൊണ്ടാണ് അറിയാത്തതന്നെ് കോടതി ആരാഞ്ഞു. തിരുവിതാംകൂർ ദേവസ്വം കമ്മിഷണറുടെ മുൻപിലാണ് കണക്കെടുപ്പ് നടന്നത്. ദേവസ്വത്തിന്റെ രേഖകളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭാരക്കുറവ് കണ്ടെത്തിയിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണാധികാരികള്‍ എന്തുകൊണ്ട് ഇക്കാര്യം അന്വേഷിച്ചില്ല എന്ന ചോദ്യവും കോടതി ഉയർത്തി. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാൻ തീരുമാനമെടുത്തതിലും കോടതി സംശയമുന്നയിച്ചു.

അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മിഷണർ ഫയല്‍ചെയ്ത റിപ്പോർട്ടിനെത്തുടർന്നാണ് കോടതി സ്വമേധയാ ഇടപെട്ടത്. ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വർണപ്പാളികള്‍ ഉടൻ തിരികെയെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശബരിമല സ്പെഷ്യല്‍ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വർണപ്പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയില്‍ കൊണ്ടുപോയതില്‍ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കില്‍ അറിയിക്കാനും നിർദേശിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിർദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠം കൂടി നിർമിച്ച്‌ നല്‍കിയിരുന്നതായി സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി ബുധനാഴ്ച പ്രതികരിച്ചിരുന്നു. ഇവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവൻ സ്വർണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019-ല്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോണ്‍സർഷിപ്പില്‍ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു ചെമ്ബുപാളികള്‍ക്ക് സ്വർണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിർമിച്ചു നല്‍കാനുള്ള പ്രവർത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിർമിച്ചത്. മൂന്നുപവൻ സ്വർണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച്‌ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.

എന്നാല്‍ പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോർഡ് അധികൃതർ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സ്പോണ്‍സർ പറയുന്നത്. ശബരിമലയിസലെ സ്ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല നല്‍കിയ ഭക്തർക്ക് തന്നെ തിരികെ നല്‍കിയോ എന്നതിലും വ്യക്തവരേണ്ടതുണ്ട്. പീഠം നല്‍കിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കാൻ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്ന് സ്പോണ്‍സർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും കഴിഞ്ഞ ആറുവർഷമായി തനിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാളികളുടെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഘട്ടത്തില്‍ ഈ പീഠം കൂടി ഉണ്ടാകുമെന്ന് കരുതിയതായും എന്നാല്‍ അത് ഇല്ലായിരുന്നുവെന്നും പറയുന്നു