സ്കൂട്ടർ കാറിലിടിച്ചു, നഷ്ടപരിഹാരം ചോദിച്ചപ്പോൾ ‘ഐപിഎസുകാരന്‍റെ അമ്മ’യാണെന്ന്
അടുത്തിടെയായി ഇന്ത്യന്‍ റോഡുകളിലെ അപകടങ്ങൾ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ വൈറലായി. പ്രത്യേകിച്ചും നേപ്പാളിലെ നെപ്പോ കിഡ്സ് പ്രതിഷേധത്തോടൊപ്പം ചിലര്‍ വീഡിയോയെ ബന്ധപ്പെടുത്തിയതോടെ വീഡിയോക്ക് താഴെ കുറിപ്പുകളും നിറഞ്ഞു. തിരക്കേറിയെ ഒരു റോഡിൽ വച്ച് ഒരു സ്ത്രീയുടെ സ്കൂട്ടി കാറിൽ ഉരസിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വീഡിയോയിലുള്ളത്.
ഐപിഎസുകാരന്‍റെ അമ്മ
വളരെ മോശമായി പെരുമാറുന്ന ഒരു സ്ത്രീയുടെ വീഡിയോയായിരുന്നു അത്. അവർ അശ്രദ്ധമായി ഓടിച്ച സ്കൂട്ടി മറ്റൊരു കാറിൽ ഇടിച്ചു. പിന്നാലെ കാറുടമ തന്‍റെ കാറിന് പറ്റിയ പരിക്കുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഇതോടെ സ്ത്രീ അയാളുമായി തട്ടിക്കയറുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതിനിടെ ഇവർ താന്‍ ഐപിഎസുകാരന്‍റെ അമ്മയാണെന്നും അവകാശപ്പെടുന്നു. ഇതിനിടെ അവര്‍ തനിക്ക് കഴിയുന്ന ഏറ്റവും വലിയ ഒച്ചയിൽ അസഭ്യം പറയുന്നതും കേൾക്കാം.
ഞാൻ ഐപിഎസുകാരന്‍റെ അമ്മയാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളെ ഓരോരുത്തരെയും ഞാൻ അറസ്റ്റ് ചെയ്യും. എന്‍റെ മകന്‍റെ നമ്പറിൽ വിളിക്കണോ? ഞാൻ ഐപിഎസിന്‍റെ അമ്മയാണ്. എന്‍റെ മകൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്; നിങ്ങളെപ്പോലെ കുഴപ്പങ്ങൾ ഉണ്ടാക്കി സമയം പാഴാക്കിയിട്ടില്ലെന്നും അവര്‍ അസ്വസ്ഥയോടെ വിളിച്ച് പറഞ്ഞു. ഇതിനിടെ മറ്റൊരു കാഴ്ചക്കാരന്‍ താന്‍ ഐപിഎസ് പരീക്ഷയ്ക്കും തയ്യാറെടുക്കുകയാണെന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് പരീക്ഷ എഴുതാം, പക്ഷേ ഒരിക്കലും വിജയിക്കില്ല. നിങ്ങൾ ഒരിക്കലും വിജയിക്കില്ല. നിങ്ങൾ ഒന്നും നേടാൻ പോകുന്നില്ല. നിങ്ങൾക്ക് എന്നിൽ നിന്ന് പണം വേണോ? എന്ന് ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം.
സമൂഹ മാധ്യമ പ്രതികരണം
സ്ത്രീയുടെ വൈകാരികമായ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ചിലര്‍ മൂന്നാല് യുവാക്കൾ ചേര്‍ന്ന് അവരെ പ്രകോപിപ്പിച്ചെന്നും അതിനെ തുടർന്നാണ് അവര്‍ ഇത്രയും പ്രകോപിതയായതെന്നും എഴുതി. എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ അമ്മ എന്ന പദവി ഇന്ത്യയിൽ പ്രിവിലേജുള്ള പദവിയാണോയെന്ന് നിരവധി പേര്‍ സംശയം ചോദിച്ചു. ഐപിഎസുകാര്‍ക്ക് അവരുടെ ജോലിക്ക് അനുസരിച്ചുള്ള ബഹുമാനം സമൂഹം നല്‍കുന്നുണ്ടെന്നും അതല്ലാതെ അവരുടെ കുടുംബാംഗങ്ങളെ മൊത്തം ബഹുമാനിക്കേണ്ട് ആവശ്യം പൊതു സമൂഹത്തിനില്ലെന്നും നിരവധി പേരെഴുതി.