പുതിയ അപ്ഡേറ്റിനു പിന്നാലെ ബാറ്ററി ലൈഫ് കുത്തനെ താഴേക്കെന്ന് പരാതി, സാധാരണമെന്ന് ആപ്പിള്‍
ഐഫോണുകള്‍ക്കായുള്ള ഏറ്റവും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് പ്രഖ്യാപിച്ച് മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് പ്രതീക്ഷയോടെ കാത്തിരുന്ന iOS 26 ആപ്പിള്‍ പുറത്തിറക്കിയത്.സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് എന്നാണ് iOS 26-നെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ അപ്ഡേറ്റിന് പിന്നാലെ ഐഫോണിലെ ബാറ്ററി പെട്ടെന്ന് തീരുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി.
പുതിയ അപ്ഡേറ്റ് ഇൻസ്റ്റാള്‍ ചെയ്ത് അധികമാവും മുമ്ബെ ബാറ്ററി സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയെന്ന് നിരവധിപേർ പരാതിപ്പെടുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അമ്ബത്തിയെട്ട് മിനിറ്റ് മുമ്ബ് ഫോണ്‍ പൂർണമായും ചാർജ് ചെയ്തതാണെന്നും എന്നാല്‍ നിലവില്‍ ഇത് 79 ശതമാനമായെന്നും ഒരു ഉപയോക്താവ് എക്സില്‍ പോസ്റ്റ് ചെയ്തു. iOS 26 തന്റെ ഫോണിനെ ഉപയോഗശൂന്യമാക്കുകയാണെന്നും പോസ്റ്റിലുണ്ട്.
iOS 26 അപ്ഡേറ്റോടെ തന്റെ ഫോണ്‍ ചൂടാവുകയാണെന്നും ബാറ്ററിശേഷിയും നന്നേ കുറഞ്ഞുവെന്നും മറ്റൊരാള്‍ കുറിച്ചു. ചാർജ് ചെയ്യുന്നതില്‍ മുമ്ബത്തേതില്‍ നിന്ന് ഒരുമാറ്റവും വരുത്തിയിട്ടില്ലെന്നും കുറിപ്പിലുണ്ട്. iOS26 -ന് തീർച്ചയായും ബാറ്ററി സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് മറ്റൊരാള്‍ പോസ്റ്റ് ചെയ്തു.
നേരത്തേയും സമാനമായ പരാതികള്‍ ഉയർന്നിരുന്നുവെങ്കിലും ബാക്ഗ്രൗണ്ട് പ്രൊസസ് പൂർത്തിയാകുന്നതോടെ അത് തനിയെ പരിഹരിക്കപ്പെടാറുണ്ട്.
അതേസമയം ആദ്യഘട്ടത്തിലുള്ള ബാറ്ററി സംബന്ധമായ പ്രശ്നങ്ങള്‍ സാധാരണമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആപ്പിള്‍ അധികൃതർ വ്യക്തമാക്കി.
ഇത് സാധാരണമാണ്, നിങ്ങളുടെ ഡിവൈസിന് ബാക്ഗ്രൗണ്ടില്‍ നടക്കുന്ന സെറ്റ്‌അപ് പ്രൊസസ് പൂർത്തിയാക്കാൻ സമയം വേണം. ഒരു അപ്ഡേറ്റ് പൂർത്തിയാക്കിയയുടൻ, പ്രത്യേകിച്ച് മേജർ റിലീസ് ആണെങ്കില്‍ താല്‍ക്കാലികമായി ബാറ്ററി ലൈഫില്‍ പ്രശ്നം അനുഭവപ്പെടാം- എന്നാണ് ആപ്പിള്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.
രൂപകല്‍പനയില്‍ പുതിയ ഭാഷ- ലിക്വിഡ് ഗ്ലാസ് ഡിസൈൻ
ലിക്വിഡ് ഗ്ലാസ് എന്ന വിളിപ്പേരില്‍ പുത്തൻ ശൈലിയിലാണ് ഐഒഎസ് 26 അണിയിച്ചൊരുക്കിയിരിക്കുന്നത്. തിളങ്ങുന്ന, സുതാര്യമായ ഇന്റർഫെയ്സ്. ഒരു കണ്ണാടിച്ചില്ലിന് സമാനമായ രീതിയില്‍ ഐഒസിലെ വിവിധ വിൻഡോകളും ഐക്കണുകളും പശ്ചാത്തലങ്ങളും വിഡ്ജെറ്റുകളും നാവിഗേഷനുകളുമെല്ലാം ആപ്പിള്‍ ഒരുക്കിയിരിക്കുന്നു. ഗ്ലാസ് പോലെ സുതാര്യതയുള്ളതും ഒപ്പം ചുറ്റുമുള്ള മറ്റ് വിഷ്വല്‍ എലമെന്റുകള്‍ പ്രതിഫലിക്കുകയും ചെയ്യുന്നതായിരിക്കും ഈ ഗ്ലാസ് ഐക്കണുകള്‍.
പുതിയ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഐഒഎസ് 26 നല്‍കുന്നുണ്ട്. ഇതുവഴി ഉപഭോക്താവിന് ഇഷ്ടാനുസരണം ഐഒഎസ് തീം തയ്യാറാക്കാനാവും. ഇത് കൂടാതെ മെസേജസ് ആപ്പ്, ക്യാമറ ആപ്പ്, ഫോട്ടോസ് ആപ്പ്, സഫാരി, ആപ്പിള്‍ മ്യൂസിക്, ന്യൂസ്, പോഡ് കാസ്റ്റ് എന്നിവയിലെല്ലാം പുതിയ ഡിസൈൻ ലാംഗ്വേജ് അടിസ്ഥാനമാക്കിയും ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയും വിവിധ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ സുഗമമാക്കുന്ന ആപ്പിള്‍ ഇന്റലിജൻസ് ഫീച്ചറുകളും ഐഒഎസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഐഒഎസ് 26 അപ്ഡേറ്റ് ലഭിക്കുന്ന ഐഫോണുകള്‍
എ13 ചിപ്പ്സെറ്റിലോ അതിന് ശേഷം വന്ന പുതിയ ചിപ്പ്സെറ്റുകളിലോ പ്രവർത്തിക്കുന്ന ഐഫോണുകളില്‍ ഐഒഎസ് 26 അപ്ഡേറ്റ് ലഭിക്കും. അതായത് ഐഫോണ്‍ XR, ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നീ മോഡലുകളില്‍ പുതിയ അപ്ഡേറ്റ് ലഭിക്കില്ല. താഴെ പട്ടികപ്പെടുത്തിയ ഫോണുകളിലാണ് പുതിയ ഒഎസ് അപ്ഡേറ്റ് ലഭിക്കുക.
ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ്, ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ്
ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ്, ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ്, ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്, ഐഫോണ്‍ 16ഇ, ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ്, ഐഫോണ്‍ എസ്‌ഇ (2-ാം തലമുറയും അതിന് ശേഷമുള്ളതും)