ഗാസയില്‍ ഇസ്രയേല്‍ കരയുദ്ധം കനക്കുന്നു: കൊല്ലപ്പെട്ടത് 22 കുട്ടികളുള്‍പ്പെടെ 62 പലസ്തീനികള്‍
ജെറുസലേം: ഗാസ സിറ്റി പിടിച്ചെടുക്കാനുളള ഇസ്രയേലിന്റെ കരയുദ്ധം കനക്കുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ ഇന്നുമാത്രം കൊല്ലപ്പെട്ടത് 62 പേരാണ്. ഇതില്‍ 22 പേര്‍ കുട്ടികളാണ്. ഒരുലക്ഷത്തോളം പേര്‍ ഇന്നും ഗാസയില്‍ നിന്ന് പലായനം ചെയ്തു. അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ മുഴുവന്‍ അവഗണിച്ചാണ് ഇസ്രയേല്‍ ഗാസയില്‍ അധിനിവേശം നടത്തുന്നത്. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനവും ഏറെക്കുറെ പൂര്‍ണമായും വിച്ഛേദിച്ചു. കരയുദ്ധം ആരംഭിച്ചതോടെ ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് പറഞ്ഞു.
അതേസമയം ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്യാനായി ഇസ്രയേല്‍ അനുവദിച്ചുകൊടുത്ത പാത 48 മണിക്കൂര്‍ കൂടി തുറന്നിരിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഗാസ സിറ്റിയെ കൂടാതെ ദൈറുല്‍ ബലാ നഗരത്തിലേക്കും ഇസ്രയേല്‍ സൈന്യമെത്തി. അന്താരാഷ്ട്ര തലത്തില്‍ രൂക്ഷവിമര്‍ശനമുണ്ടാകുമ്പോഴും ഹമാസിനെ പൂര്‍ണമായും തുരത്തുക എന്നതാണ് ലക്ഷ്യമെന്നും അതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും ആവര്‍ത്തിക്കുകയാണ് ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചിരുന്നു. ചൈനയും ജര്‍മനിയും വിയോജിപ്പ് പരസ്യമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ നിര്‍ബന്ധിത ഭീഷണികളും നിരന്തരമായ ബോംബാക്രമണങ്ങളും തുടരുമ്പോഴും വടക്കന്‍ ഗാസയില്‍ പത്തുലക്ഷത്തിലധികം പലസ്തീനികള്‍ തുടരുകയാണ്.
രണ്ടുവര്‍ഷമായി യുദ്ധത്തിനു നടുവില്‍ ജീവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്കിടയില്‍ പട്ടിണി മരണവും ഇപ്പോള്‍ സ്ഥിരം കാഴ്ച്ചയാണ്. മുന്നൂറിലധികം കുട്ടികള്‍ പട്ടിണി മൂലം മരിച്ചു. ഭക്ഷണ ക്യാംപിന് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികളും മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരുനേരത്തെ ആഹാരത്തിനും മരുന്നിനും വേണ്ടി കാത്തുനില്‍ക്കുന്നവരെപ്പോലും വിടാതെ ആക്രമിക്കുകയാണ് ഇസ്രയേല്‍.
ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇസ്രയേല്‍ നേതാക്കളുടെ പ്രസ്താവനയും സൈന്യത്തിന്റെ നടപടിയും വംശഹത്യയ്‌ക്കെതിരായ തെളിവാണെന്നും യുഎന്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലുണ്ട്.
‘2023-ല്‍ ഹമാസുമായുളള യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണ്. ഒരു പ്രത്യേക വിഭാഗത്തിലെ ആളുകളെ ലക്ഷ്യംവെച്ച് ആക്രമണം നടത്തുക, ഗുരുതരമായ ശാരീരിക, മാനസിക ഉപദ്രവമേല്‍പ്പിക്കുക, ജനനം തടയുന്നത് ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ ഗാസയില്‍ നടക്കുന്നത് വംശഹത്യയാണ് എന്നതിന് തെളിവാണ്’എന്നാണ് ഐക്യരാഷ്ട്രസഭ അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യാജവും വളച്ചൊടിച്ചതുമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കമ്മീഷനിലെ മൂന്നുപേര്‍ ഹമാസ് അനുകൂലികള്‍ ആണെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.