കുതിപ്പ് തുടർന്ന് ലോക;20 ദിവസം, നേടിയത് 257 കോടി
മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച ലോക ചാപ്റ്റർ 1: ചന്ദ്ര സിനിമയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘ക്വീൻ ഓഫ് ദ നൈറ്റ്’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വേറൊരു രാജ്യത്തു നിന്നും ബാംഗ്ലൂരിലേക്ക് ചന്ദ്ര എത്തുമ്പോഴുള്ള പാട്ടാണിത്. ജേക്സ് ബിജോയ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. സേബ ടോമിയാണ് വരികൾ എഴുതി ആലപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 28ന് ആയിരുന്നു ലോക റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണത്തോടൊപ്പം മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം 200 കോടി ക്ലബ്ബെന്ന അസുലഭ നേട്ടം കൊയ്തത് വളരെ പെട്ടെന്നായിരുന്നു. നിലവിൽ 257 കോടിയാണ് ലോക നേടിയിരിക്കുന്നതെന്ന് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. റിലീസ് ചെയ്ത് 20 ദിവസത്തെ കളക്ഷൻ വിവരമാണിത്. 126 കോടിയാണ് ലോകയുടെ ഇന്ത്യ നെറ്റ് കളക്ഷൻ. നിലവിൽ ലോകയ്ക്ക് മുന്നിലുള്ള ഒരേയൊരു മലയാള പടം എമ്പുരാൻ ആണ്. വൈകാതെ തന്നെ ലോക എമ്പുരാനെയും മറികടക്കുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രമാണ് ലോക. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. സൂപ്പർഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സണ്ണിവെയ്ൻ, ദുൽഖർ, ടൊവിനോ തോമസ്, സാൻഡി മാസ്റ്റർ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരിക്കുന്നു. നിമിഷ് രവിയാണ് ലോകയുടെ ഛായാഗ്രഹണം. ചമൻ ചാക്കോയാണ് എഡിറ്റർ.