Fincat

എന്റെ പരാജയത്തിന് കാരണം ഇതാണ്; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര


ടോക്യോ: ലോക അത്ലറ്റിക് ചാമ്ബ്യൻഷിപ്പ് ജാവലിൻ ത്രോയില്‍ എട്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെ കാരണം വ്യക്തമാക്കി നീരജ് ചോപ്ര.ഇത്തരമൊരു പരാജയം ആദ്യമായിട്ടാണ് സംഭവിക്കുന്നതെന്നും അതിന് തന്റെ നടുവേദന പ്രധാന കാരണമായെന്നും നീരജ് ചോപ്ര വ്യക്തമാക്കി. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. മത്സരത്തില്‍ അഞ്ച് ശ്രമത്തില്‍ ഫൗളടക്കം വന്നതോട് കൂടി എട്ടാം സ്ഥാനത്തേക്ക് നീരജ് തള്ളപ്പെട്ടിരുന്നു. ഇത് ഏറെ പ്രതീക്ഷയുള്ള മെഡല്‍ നഷ്ടത്തിലേക്കും നയിച്ചു.

ഈ മാസം ആദ്യം ചെക്ക് റിപ്പബ്ലിക്കില്‍ പരിശീലനം നടത്തുന്നതിനിടെ, ജാവലിൻ എറിയാനൊരുങ്ങുമ്ബോള്‍ നടുവിന് ഒരു ഉളുക്ക് അനുഭവപ്പെട്ടു. തുടർന്ന് പ്രാഗില്‍ വെച്ച്‌ നടത്തിയ എംആർഐ സ്കാനില്‍ ഡിസ്കിന് തകരാറുണ്ടെന്ന് കണ്ടെത്തി.

എറിയാനായി കുനിഞ്ഞപ്പോള്‍ത്തന്നെ എന്റെ ഇടതുവശത്ത് ഒരു വലിവ് അനുഭവപ്പെട്ടു. അതിനുശേഷം എനിക്ക് സാധാരണപോലെ നടക്കാൻ പോലും കഴിഞ്ഞില്ല. സാരമാക്കേണ്ടെന്നും വിശ്രമിക്കാനും പറഞ്ഞിരുന്നു. അത്ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കാൻ കഴിയില്ലെന്നാണ് അടുത്ത ദിവസം ഞാൻ കരുതിയത്. ചോപ്ര വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഡിസ്കിന് എന്തോ പ്രശ്നമുണ്ടായിരുന്നു. അതിന്റെ കൃത്യമായ മെഡിക്കല്‍ പദം എനിക്കറിയില്ല. ഇവിടെയെത്തിയ ശേഷം ഞാൻ ദിവസവും ചികിത്സയിലായിരുന്നു. അതിനുശേഷം, ഇനി എങ്ങനെ മത്സരിക്കും എന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍. ഒടുവില്‍, എനിക്ക് അല്‍പ്പം ഭേദമായിത്തുടങ്ങി, പക്ഷേ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നതും മാനസികാവസ്ഥയിലുണ്ടായ മാറ്റവും എന്നെ ബാധിച്ചു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണയായി, ഞാൻ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാറുണ്ട്, പക്ഷേ ഇവിടെ അത് നടന്നില്ല. ഇവിടെ വരുന്നതിന് മുമ്ബ്, ചെക്ക് റിപ്പബ്ലിക്കിലെ പരിശീലനത്തിനിടെ എനിക്ക് നടുവിന് ഒരു പ്രശ്നമുണ്ടായി. വളരെ കുറച്ച്‌ പേർക്ക് മാത്രമേ ഇതേക്കുറിച്ച്‌ അറിയാമായിരുന്നുള്ളൂ, ഞാൻ ഫെഡറേഷനോടും പറഞ്ഞിരുന്നു. ഞാൻ രണ്ടാഴ്ച പരിശീലനം നടത്തിയില്ല, ഈ പ്രശ്നത്തിന് ചികിത്സയിലായിരുന്നു. എനിക്ക് ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു, എന്നാല്‍ പിന്നീട് ഞങ്ങള്‍ മുന്നോട്ട് പോകാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ എളുപ്പത്തില്‍ യോഗ്യത നേടാൻ കഴിഞ്ഞിരുന്നു. എന്നിരുന്നാലും, പരിശീലനം ഇല്ലാതിരുന്നതിനാലും ശാരീരികമായി സുഖമില്ലാതിരുന്നതിനാലും ഞാൻ ശ്രമിച്ചെങ്കിലും ഫലം നേടാനായില്ല. ഞങ്ങള്‍ ഇതില്‍ നിന്ന് പഠിക്കുകയും, വിലയിരുത്തുകയും അടുത്ത സീസണില്‍ കൂടുതല്‍ മെച്ചപ്പെടാൻ ശ്രമിക്കുകയും ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ അഞ്ച് ശ്രമങ്ങളില്‍ 83.65 മീറ്റർ, 84.03 മീറ്റർ, ഫൗള്‍, 82.63 മീറ്റർ, ഫൗള്‍ എന്നിങ്ങനെയാണ് നീരജിന്റെ പെർമോൻസ്.

നിലവിലെ ജേതാവായ നീരജ് ആദ്യ ശ്രമത്തില്‍ തന്നെ 84.95 മീറ്റർ എറിഞ്ഞായിരുന്നു നേരിട്ടുള്ള യോഗ്യതാ മാർക്ക് നേടിയിരുന്നത്.

മറ്റൊരു ഇന്ത്യൻ താരമായ സച്ചിൻ യാദവും ഫൈനലില്‍ പ്രവേശിച്ചെങ്കിലും 86.27 മീറ്റർ എറിഞ്ഞ് നാലാം സ്ഥാനത്തെത്തി.

ട്രിനിഡാഡ് താരം കെഷ്ററോണ്‍ വാള്‍കോട്ട് (88.16 മീറ്റർ), ഗ്രനഡ താരം ആൻഡേഴ്സണ്‍ പീറ്റേഴ്സണ്‍ (87.38 മീറ്റർ), യു.എസ്.എ യുടെ കുർടിസ് തോംസണ്‍ (86.67) മീറ്റർ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ളത്.