മലപ്പുറത്ത് 40 അടിയോളം താഴ്ചയുള്ള കിണറില്‍ പോത്തുകുട്ടി അബദ്ധത്തിൽ വീണു, രക്ഷകരായി അഗ്നിരക്ഷാ സേന
മലപ്പുറം: പൊന്മള പുതിയങ്ങാടി മുട്ടിപ്പാലത്ത് ഫാം ഹൗസിലെ കിണറില്‍ വീണ പോത്തുകുട്ടിക്ക് രക്ഷകരായി മലപ്പുറം അഗ്നിരക്ഷാ സേന. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെയാണ് മുട്ടിപ്പാലം പൂവല്ലൂര്‍ ഹസന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ സമീപത്തെ പറമ്പില്‍ കെട്ടിയ പോത്ത് അബദ്ധത്തില്‍ കിണറില്‍ വീണത്. 40 അടിയോളം താഴ്ചയുള്ള കിണറില്‍ മൂന്നാള് പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് മലപ്പുറം അഗ്നിരക്ഷാ സേനയിലെ സേനാഗംങ്ങൾ സ്ഥലത്തെത്തി.
അഗ്നിരക്ഷാ സേനയിലെ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ കെ. അഭിലാഷ്, കെ.സി. മുഹമ്മദ് ഫാരിസ് എന്നിവര്‍ കിണറില്‍ ഇറങ്ങി പോത്തിനെ റെസ്ക്യൂ ബെല്‍റ്റ് ധരിപ്പിച്ച് മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ മുകളിലേക്ക് വലിച്ചു കയറ്റി. ഒരു വയസ്സുള്ള പോത്തുകുട്ടിയാണ് കിണറിൽ വീണത്. പോത്തിന് കാര്യമായ പരിക്കുകള്‍ ഒന്നുമില്ല.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെ സ്ക്യൂ ഓഫിസര്‍ കെ. മു ഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ അക്ഷയ് രാജീവ്, അനുശ്രീ, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ഡ്രൈവര്‍ അനുപ് ശ്രീധരന്, ഹോം ഗാര്‍ഡ് കുഞ്ഞിമുഹമ്മദ്, ഡിഫന്‍സ് അംഗങ്ങളായ നിഷാജ്, യൂനുസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.