പോളണ്ട്, റൊമാനിയ, ഇപ്പോള്‍ എസ്‌തോണിയ; വ്യോമാതിര്‍ത്തിയില്‍ കടന്നുകയറി റഷ്യൻ യുദ്ധവിമാനങ്ങള്‍, പ്രതിഷേധം
ടോളിൻ: പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ എസ്തോണിയയുടെ വ്യോമാതിർത്തിയിലും റഷ്യൻ കടന്നുകയറ്റം.റഷ്യൻ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിർത്തിയില്‍ പ്രവേശിച്ചതായി എസ്തോണിയൻ സർക്കാർ വെള്ളിയാഴ്ച പറഞ്ഞു. റഷ്യയുടെ മൂന്ന് മിഗ്-31 യുദ്ധവിമാനങ്ങളാണ് മുൻകൂർ അനുമതിയില്ലാതെ എസ്തോണിയൻ വ്യോമാതിർത്തിയില്‍ പ്രവേശിച്ചത്. ഏകദേശം 12 മിനിറ്റോളം വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിർത്തിയില്‍ തുടർന്നതായും എസ്തോണിയൻ സർക്കാർ പറഞ്ഞു.
റഷ്യൻ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിർത്തിയില്‍ പ്രവേശിച്ചത് അഭൂതപൂർവമായ ഹീനകൃത്യമാണെന്നായിരുന്നു എസ്തോണിയൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് റഷ്യൻ സ്ഥാനപതിക്ക് കുറിപ്പ് നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട്ചെയ്തു.
അടുത്തിടെ പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയില്‍ റഷ്യൻ ഡ്രോണുകളുടെ കടന്നുകയറ്റമുണ്ടായിരുന്നു. റഷ്യൻ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി പോളണ്ട് സ്ഥിരീകരിക്കുകയുംചെയ്തു.